agri

പാലക്കാട്: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വനംവകുപ്പ് ജില്ലയിലേക്ക് ആവശ്യമായ ഒരു ലക്ഷം വൃക്ഷത്തൈകൾ വിതരണത്തിനു തയ്യാറാക്കി. വനംവകുപ്പിന്റെ സാമൂഹ്യവനവത്കരണ വിഭാഗമാണ് തൈകൾ തയ്യാറാക്കിയിരിക്കുന്നത്. തൈകളിൽ ഫലവൃക്ഷത്തൈകളും പലജാതി വൃക്ഷത്തൈകൾ ഉൾപ്പെടും. മുട്ടിക്കുളങ്ങര വള്ളിക്കോടുള്ള ജില്ലയിലെ വനംവകുപ്പിന്റെ സ്ഥിരം നേഴ്സറിയിലും കൊല്ലങ്കോട്, തൃത്താല, ചാലിശ്ശേരി, അഗളി എന്നിവിടങ്ങളിലെ താത്കാലിക നേഴ്സറികളിൽ നിന്നും തൈകൾ ലഭ്യമാകും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വനസംരക്ഷ സമിതികളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിലും ആദിവാസി ഊരുകളിലും ജില്ലയിലെ വിവിധ വനമേഖലകളിലും പലജാതി വൃക്ഷത്തൈകൾ വനംവകുപ്പ് നട്ടുപിടിപ്പിക്കും. തൈകൾ, വിതരണം സംബന്ധിച്ച് ജില്ലാ സാമൂഹ്യവനവത്കരണ വിഭാഗം കൺസർവേറ്ററുമായി ബന്ധപ്പെടാം. ഫോൺ: 04912555521.

തൈകൾ ഇവയെല്ലാം
മാവ്, ഞാവൽ, പുളി, പ്ലാവ്, അമ്പഴം, മാതളം, സപ്പോട്ട, റംബൂട്ടാൻ, കണിക്കൊന്ന, മന്ദാരം, മുരിങ്ങ, മഞ്ചാടി, മണിമരുത്, കുന്നിവാക, തേക്ക്, ഈട്ടി, കുമ്പിൾ, പൂവരശ്, മുള, ദന്തപാല, അഗത്തിചീര തുടങ്ങിയ 50 ഇനം പലജാതി വൃക്ഷത്തൈകളാണ് തയ്യാറാക്കിയിരിക്കുന്നത്. സൗജന്യ തൈകൾക്കു പുറമെ ഒരു വർഷം പ്രായമായ തേക്ക്, ഉങ്ങ്, ഞാവൽ, പ്ലാവ്, മാവ്, ആൽ തുടങ്ങിയ തൈകൾ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ തേക്ക് സ്റ്റമ്പും വിതരണം ചെയ്യും. ഇവ ഒന്നിന് 11 രൂപയാണ് വില.

ഉല്പാദിപ്പിക്കുന്നത് ലക്ഷകണക്കിന് തൈകൾ
മുട്ടിക്കുളങ്ങരയിലെ വനംവകുപ്പിന്റെ സ്ഥിരം നേഴ്സറിയിൽ ലക്ഷക്കണക്കിന് തൈകളാണ് എല്ലാ വർഷവും ഉല്പാദിപ്പിക്കുന്നത്. ഇതിന് പുറമെ കുഴൽമന്ദം, പെരുങ്ങോട്ടുകുറുശ്ശി, നെന്മാറ, ആലത്തൂർ, കൊല്ലങ്കോട്, ചിറ്റൂർ, അട്ടപ്പാടി, ശ്രീകൃഷ്ണപുരം, തൃത്താല, വാടാനാംകുറുശ്ശി, മണ്ണാർക്കാട് എന്നിവിടങ്ങളിലെ 11 നേഴ്സറികളിലും തൈകൾ ഉല്പാദിപ്പിക്കും. പുറത്തുനിന്ന് തൈകൾ എത്തിക്കാറില്ല. ഓരോ പരിസ്ഥിതിദിനത്തിനും ആവശ്യമായ തൈകൾ നേഴ്സറികളിലൂടെ ഉല്പാദിപ്പിക്കും. ഇതിനായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഏത് സമയത്തും നേഴ്സറിയിൽനിന്ന് തൈകൾ വാങ്ങാം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സൗജന്യമായും മറ്റ് സ്ഥാപനങ്ങൾക്ക് സഹായനിരക്കിലുമാണ് തൈകൾ ലഭ്യമാക്കുന്നത്.

സിബിൻ, അസി. ഡെപ്യൂട്ടി കൺസർവേറ്റർ, സാമൂഹ്യവനവത്കരണ വിഭാഗം.