darna

കൊല്ലങ്കോട്: വന്യജീവികളിൽ നിന്നും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കർഷക സംരക്ഷണസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് ജഹുജന മാർച്ചും ധർണയും നടത്തി. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട, അയിലൂർ, നെന്മാറ, വടവന്നൂർ, പട്ടഞ്ചേരി എന്നീ പഞ്ചായത്തുകളിൽ നിന്നും കർഷകർ പങ്കെടുത്തു. കർഷകസംരക്ഷണ സമിതി രക്ഷാധികാരി ചിദംബരൻകുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ സി.പ്രഭാകരൻ, പഞ്ചായത്ത് അംഗങ്ങളായ ജി.സുനിത, എ.സാദിഖ്, ടി.സഹദേവൻ, എം.അനിൽ ബാബു, കെ.ശിവാനന്ദൻ, കെ.സി.പുഷ്പരാജ് എന്നിവർ പങ്കെടുത്തു. പയ്യലൂർ മുക്കിൽ നിന്നും പ്രകടനമായെത്തിയ കർഷകരെ റേഞ്ച് ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു. ശേഷം സ്ത്രീകൾ ഉൾപ്പെടെ കുത്തിയിരുന്നാണ് സമരം നടത്തിയത്.

കഴിഞ്ഞ ഒരു മാസത്തോളമായി 26 കാട്ടാനകൾ ചെമ്മാണാമ്പതി മുതൽ അയിലൂർ വരെ വ്യാപകമായി കൃഷി നാശിപ്പിക്കുന്നത്. നെന്മാറ വനം ഡിവിഷനു കീഴിൽ റാപ്പിഡ് റസ്‌പോൺസ് ടീം സ്ഥാപിക്കണമെന്ന ആവശ്യം നടപ്പിലാക്കാത്തതു കാരണം കാട്ടാനകൾ ജനവാസ മേഖലയിൽ വർദ്ധിച്ചതായി സമരത്തിൽ പങ്കെടുത്ത മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലൈ രാജ് പറഞ്ഞു. ഉറപ്പുള്ള വൈദ്യുത വേലി അതിർത്തികളിൽ സ്ഥാപിക്കണമെന്നും ആനകളെ പറമ്പിക്കുള്ളത്തെത്തിക്കാൻ കുങ്കിയാനകളെ ഉപയോഗിക്കണമെന്നും മുതലമട പഞ്ചായത്ത് അംഗം കല്പന ദേവി ആവശ്യപ്പെട്ടു. വനത്തിനകത്ത് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കണമെന്നും വിളനാശങ്ങൾക്ക് നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണമെന്നും കൊല്ലങ്കോട് പഞ്ചായത്ത് അംഗം കെ.ഷൺമുഖൻ ആവശ്യപ്പെട്ടു.