school-opening

ജില്ലയിൽ ആകെ 1003 സ്കൂളുകൾ.

334 സർക്കാർ സ്കൂളുകൾ.

585 എയ്ഡഡ് സ്കൂളുകൾ.

84 അൺ എയ്ഡഡ് സ്കൂളുകൾ.

പാലക്കാട്: രണ്ടുവർഷത്തെ ഓൺലൈൻ ക്ലാസുകൾക്ക് വിരാമം. കളിയും ചിരിയും ചിണുങ്ങിയും വിദ്യാർത്ഥികൾ ഇനി അക്ഷരമുറ്റത്തേക്ക്. ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ഇന്ന് രാവിലെ 10ന് കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസിൽ നടക്കും. എ.പ്രഭാകരൻ എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.

സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മിക്ക സ്‌കൂളുകളിലും ഒരുക്കങ്ങൾ പൂർത്തിയായി. ഇത്തവണ മൈക്രോ ലെവൽ ശുചീകരണമാണ് സ്‌കൂളുകളിൽ നടന്നത്. ജില്ലയിലെ സ്‌കൂൾ ബസുകൾ വിവിധ ആർ.ടി.ഒ ഓഫീസുകൾക്കു കീഴിൽ പരിശോധനയ്ക്കു വിധേയമാക്കി. സ്‌കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്കുള്ള മോട്ടർ വാഹന വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളും മിക്കയിടത്തും പൂർത്തിയായി. സ്‌കൂളുകളിലെ വോള്യം–1 പാഠപുസ്തകങ്ങൾ 90 ശതമാനം വിദ്യാർത്ഥികൾക്കും ലഭ്യമാക്കി.

വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ഈ വർഷം ജില്ലയിലാകെ 364077വിദ്യാർത്ഥികളാണുള്ളത്. ഇതിൽ 186729 പേർ ആൺകുട്ടികളും 177348 പേർ പെൺകുട്ടികളുമാണ്. ജൂൺ ആറുവരെ അഡ്മിഷൻ പ്രക്രിയ തുടരും. കഴിഞ്ഞ വർഷം ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 2,91,639 കുട്ടികളാണ് ഉണ്ടായിരുന്നത്.

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി മേയ് 25 മുതൽ 28വരെ 12 വയസു മുതലുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച വാക്സിനേഷൻ യജ്ഞം പൂർത്തിയായി.

 സ്‌കൂൾ വാഹന പരിശോധന പൂർത്തിയായി

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടത്തിയ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന പൂർത്തിയായി. മേയ് 25 മുതൽ 28 വരെ പാലക്കാട്, ആലത്തൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂർ താലൂക്കുകളിലായി നടന്ന പരിശോധനയിൽ 305 വാഹനങ്ങൾ പരിശോധിക്കുകയും 205 വാഹനങ്ങൾക്ക് ന്യൂനതയുള്ളതായി കണ്ടെത്തുകയും ചെയ്തു. പരിശോധനക്കെത്തിയ ഡ്രൈവർമാർക്കായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ന്യൂനതയുള്ള വാഹനങ്ങൾ പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും പരിശോധിക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.


 യൂണിഫോം, സ്‌കൂൾ ഐഡി എന്നിവ ബസ് കൺസഷനായി പരിഗണിക്കും

സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്ന പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോമോ സ്‌കൂൾ ഐഡന്റിറ്റി കാർഡോ കൺസഷൻ കാർഡിനു പകരമായി പരിഗണിക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ മാത്രമേ വിദ്യാർത്ഥികളെ കയറ്റൂ, പല ബസുകളിലായി യാത്ര തുടരാൻ പാടില്ല തുടങ്ങിയ സ്വകാര്യ ബസുകാരുടെ നിബന്ധനകൾ അനുവദനീയമല്ല, കൃത്യമായി ബസ് സ്റ്റോപ്പുകളിൽ ബസ് നിർത്താതെ മാറ്റിനിർത്തുക, സ്റ്റോപ്പുകളിൽ നിർത്താതെ വിദ്യാർത്ഥികളെ ഓടിക്കുക, കൈ കാണിച്ചിട്ടും വണ്ടി നിർത്താതെ ഇരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ പ്രത്യേകമായി പരിശോധിക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ പ്രശ്നങ്ങൾ അറിയുന്നതിന് ആർ.ടി.ഒ യുടെ നേതൃത്വത്തിൽ ജില്ലയിൽ കൂടുതൽ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

 സ്വകാര്യ ബസുകൾക്കെതിരെയുള്ള പരാതികൾ 0491 2505741, 8547639009 എന്നീ നമ്പറുകളിൽ അറിയിക്കാം.