പന്തളം: പന്തളം നഗരസഭയിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി. തോട്ടക്കോണം സർക്കാർ സ്കൂളിന്റെ അവസ്ഥയാണ് നിലവിൽ പരിതാപകരമായിരിക്കുന്നത്. ഹൈസ്‌കൂളിന്റെ ഇരുനില കെട്ടിടത്തിന്റെ മുകളിലെ ഷീറ്റിട്ട റൂഫ് പൊളിഞ്ഞുവീണ് മഴ പെയ്താൽ വെള്ളം ലാബ് റൂമിലും സ്റ്റെയറിലൂടെ ഗ്രൗണ്ട് ഫ്‌ളോറിലെ റൂമുകളിൽ എത്തുന്ന സ്ഥിതിയാണ്. സ്‌കൂളിന്റെ മുൻവശത്തുള്ള മൈതാനം ചെളിവെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇതിനു പരിഹാരമായി കഴിഞ്ഞ വാർഷിക പദ്ധതിയിൽ നഗരസഭ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് ഇന്റർലോക്ക് പാകിയെങ്കിലും മൈതാനത്തിന്റെ മൂന്നിലൊന്നുഭാഗം പോലും ഇന്റർലോക്കു ചെയ്യാൻ ഈ തുക പര്യാപ്തമായിരുന്നില്ല. 2018ലെ വെള്ളപ്പൊക്കത്തിൽ ചുറ്റുമതിലിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുവീണു. അത് ഇതുവരെയും പുനർനിമ്മിച്ചിട്ടില്ല. ഹയർ സെക്കൻഡറി സ്‌കൂളിന്റെയും ഹൈസ്‌കൂളിന്റെയും കെട്ടിടങ്ങൾ പെയിന്റിംഗ് നടത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഹയർ സെക്കൻഡറി സ്‌കൂളിന്റെ ക്ലാസ് റൂമിന്റെ സിമന്റ് തറകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. പുതിയ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിൽ അദ്ധ്യായനം ആരംഭിക്കണമെങ്കിൽ വൈദ്യുതി കണക്ഷൻ അനിവാര്യമാണ്. ഗവ.എൽ.പി സ്‌കൂളിൽ രണ്ട് ക്ലാസ് മുറികളുടെ അപര്യാപ്തത മൂലം കുട്ടികളെ മെസ് റൂമിലും സ്‌കൂൾ വരാന്തയിലുമിരുത്തിയാണ് അദ്ധ്യായനം നടത്തുന്നത്. സ്ഥലവും പഠിക്കാൻ വിദ്യാത്ഥികളും ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാത്തതയാണ് സ്കൂളിനെ വലയ്ക്കുന്നത്. സ്കൂളിന്റെ അടിസ്ഥാന വികസന സൗകര്യത്തിന് നഗരസഭയുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്.
..........
പന്തളം നഗരസഭാ റോഡിതരഫണ്ട് ലഭ്യമാക്കി സ്‌കൂൾ അദ്ധ്യായനമാരംഭിക്കുന്നതിനു മുമ്പ് സ്‌കൂളിന്റെ അപര്യാപ്തതകൾ പരിഹരിക്കാൻ നഗരസഭ നടപടി സ്വീകരിക്കണം.
കെ.ആർ വിജയകുമാർ
(വാർഡ് കൗൺസിലർ)