school
തിരുമൂലപുരം എസ്.എൻ.വി.എസ് സ്‌കൂളിലെ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം

തിരുവല്ല : പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ സർഗശേഷിയും ബൗദ്ധിക ചിന്തകളും വിളിച്ചറിയിച്ച് തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിന്റെ നേതൃത്വത്തിൽ വഴിയോരത്ത് സംഘടിപ്പിച്ച മികവ് 2022 വേറിട്ടനുഭവമായി. കൗതുകമുണർത്തുന്ന ദൃശ്യാവിഷ്കാരങ്ങൾ, കവിതാലാപനം, വിശകലനങ്ങൾ, പരീക്ഷണങ്ങൾ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം തുടങ്ങിയ ഭാഷകളിലെ പ്രാവീണ്യം, ശാസ്ത്ര വിഷയങ്ങളിലെ ആശയങ്ങൾ എന്നിവയിലൂന്നിയ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രകടനങ്ങളാണ് പൊതുജനങ്ങൾക്കു മുമ്പിൽ കുട്ടികൾ ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചത്. എം.സി റോഡിലെ കുറ്റൂർ, തിരുമൂലപുരം ജംഗ്ഷനുകൾ കേന്ദ്രീകരിച്ചാണ് കുട്ടികളുടെ സർഗാത്മക പ്രകടനങ്ങൾ അരങ്ങേറിയത്. സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്, മാനേജ്മെറ്റ് കമ്മിറ്റി, പി.ടി.എ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സഞ്ചു പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ഡി.സന്ധ്യ, കുറ്റൂർ സഹകരണ ബാങ്ക് ബോർഡ് മെമ്പർ എ.എസ്. രാജൻ പിള്ള, സ്കൂൾ മാനേജർ പി.ടി.പ്രസാദ്‌, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി മെർലിൻ മേരി എബ്രഹാം എന്നിവർ സംസാരിച്ചു.