suresh-gopi
ചൈതന്യ രഥത്തിൽ ഭരത് സുരേഷ് ഗോപി ദീപം പകരുന്നു. മഹാവിഷ്ണു സ്ത്ര സമതി ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ സമീപം

കോട്ടയം: പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങളിൽ വൈശാഖ മാസാചരണത്തിന് പ്രൗഢഗംഭീരമായ തുടക്കം. ഭാരതത്തിലെ നൂറ്റി എട്ടു വൈഷ്ണവ ക്ഷേത്രങ്ങളിൽപ്പെട്ട കേരളത്തിലെ പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങളിലേക്ക് ഇന്നലെ മുതൽ ഭക്തജന പ്രവാഹമായി. കൊവിഡ് മഹാമാരി മൂലം രണ്ടു വർഷമായി ചടങ്ങുകൾ മാത്രമാണ് നടന്നത്. ഇന്നലെ രാവിലെ 7ന് വൈശാഖ മാസാചരണവും അഞ്ചമ്പല ദർശനവും തൃച്ചിറ്റാറ്റ് മഹാക്ഷേത്രത്തിൽ ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. നാരായണ ചൈതന്യ രഥത്തിലേക്ക് നടൻ ഭരത് സുരേഷ് ഗോപി ഭദ്രദീപം പകർന്നു. തുടർന്ന് തിരുവൻ വണ്ടൂർ, തൃക്കൊടിത്താനം, തിരുവറന്മുള, തൃപ്പുലിയൂർ ക്ഷേത്രങ്ങളിൽ ദർശനം നടത്തി സമർപ്പണ സമ്മേളനവും നടത്തി. ഒരു മാസം നീണ്ടു നിൽക്കുന്ന വൈശാഖ മാസാചാരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ നാരായണീയം, ഭാഗവതം എന്നിവ പാരായണം നടത്തും. സമർപ്പണ സമ്മേളനത്തിൽ ബി. രാധാകൃഷ്ണമേനോൻ അദ്ധ്യക്ഷത വഹിച്ചു. തിരുവാഭരണം കമ്മിഷണർ എസ്. അജിത് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആറന്മുള എ.സി.കെ. സൈനുരാജ്, ചെങ്ങന്നൂർ എ.ഒ. വി.ജി പ്രകാശ്, സബ് ഗ്രൂപ്പ് ഓഫിസർ അഖിൽ ജി.കുമാർ, സത്രം ജനറൽ കൺവീനർ പ്രസാദ് കളത്തൂർ, കൺവീനർ രാജീവ് മുടിയേൽ, ഉപദേശക സമതി അദ്ധ്യക്ഷൻ മാരായ മധുസൂദനൻ ജി. സോപാനം, അഭിലാഷ് വാഴപ്പള്ളിൽ, രാജേന്ദ്രബാബു, എ.ആർ രാധാകൃഷ്ണൻ, ശ്രീകുമാർ ഇടശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.