ചെങ്ങന്നൂർ: ദൈവത്തിന്റെ സ്വന്തം കൈകൊണ്ട് രൂപീകരിച്ച പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി.യോഗമെന്നും ഈ പ്രസ്ഥാനത്തെ തകർക്കാൻ ആർക്കും കഴിയില്ലെന്നും എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണം അപഹരിച്ച് യൂണിയനിൽ നിന്ന് പുറത്തുപോയവരാണ് യോഗത്തിനെതിരെ ആരോപണമുന്നയിക്കുന്നത്. എസ്.എൻ.ഡി.പി.യോഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ധനവും അപഹരിച്ചവരെല്ലാം പിടിക്കപ്പെട്ടിട്ടുണ്ട്. 32 വർഷംകൊണ്ട് എസ്.എൻ.ഡി.പി.യോഗത്തിന് രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ 25 വർഷം കൊണ്ട് 102 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്താൻ കഴിഞ്ഞു. എസ്.എൻ.ഡി.പി.യോഗം ചികിത്സാ ഫണ്ടിലേക്ക് യൂത്ത്മൂവ്‌മെന്റ് ധർമ്മസേന യൂണിയൻ നേതൃത്വം സ്വരൂപിച്ച പണം ധർമ്മസേന കോർഡിനേറ്റർ വിജിൻരാജ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ദേവദാസ് രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ഷോൺ മോഹൻ, സെക്രട്ടറി രാഹുൽരാജ് എന്നിവർ ചേർന്ന് തുഷാർവെള്ളാപ്പള്ളിക്ക് കൈമാറി.

യോഗം വൈസ് പ്രസിഡന്റിനെ യൂണിയൻ ഓഫീസ് പരിസരത്തുനിന്ന് പഞ്ചവാദ്യത്തിന്റെയും വള്ളപ്പാട്ടിന്റെയും പീതാംബരവർണക്കുടകളുടെയും അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചാനയിച്ചു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട്, യോഗം കൗൺസിലർ കെ.ഡി.രമേശ്, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി, അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ, ചെങ്ങന്നൂർ യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, കെ.ആർ.മോഹനൻ കൊഴുവല്ലൂർ എന്നിവർ സംസാരിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും കെ.ആർ.മോഹനൻ നന്ദിയും പറഞ്ഞു.