പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് പള്ളിക്കലാറിന്റെ തീരത്ത് ജലനടത്തം സംഘടിപ്പിക്കും. സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ശുചിത്വ മിഷന്റെ സഹായത്തോടെ പഞ്ചായത്തുതലത്തിൽ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായിട്ടാണ് ജല നടത്തം പരിപാടി സംഘടിപ്പിക്കുന്നത്. വാർഡുതലത്തിലും ജലാശയങ്ങൾ നവീകരിക്കുന്ന പദ്ധതിയുടെ പഞ്ചായത്തുതല പദ്ധതിയായി തിരഞ്ഞെടുത്തത് പള്ളിക്കലാറാണ്. മാലിന്യങ്ങൾ നിറഞ്ഞ് കൈയേറ്റക്കാരുടെ പിടിയിലകപ്പെട്ട പള്ളിക്കാറിന്റെ ദുസ്ഥിതി 1ന് കേരള കൗമുദി റിപ്പോർട്ട് ചെയ്തുന്നു. ജല നടത്തത്തിലൂടെ മാലിന്യങ്ങൾ നിറയുന്നത് എവിടെയാണന്ന് ശാസ്ത്രീയമായി കണ്ടെത്തി പുഴ നവീകരിക്കുകയാണ് ലക്ഷ്യം. പള്ളിക്കൽ പഞ്ചായത്തിലൂടെ പള്ളിക്കലാർ കടന്നുപോകുന്ന പന്ത്രണ്ടര കിലോമീറ്റർ ദൂരവും മാലിന്യ രഹിതമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ പറഞ്ഞു. ജലനടത്തത്തിന്റെ മുന്നോടിയായി പഞ്ചായത്തുതല ജല ഗ്രാമസഭ പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.മനു അദ്ധ്യക്ഷത വഹിച്ചു. കെ.ജി ജഗദീശൻ , സിന്ധു ജെയിംസ്, സുപ്രഭ, ദിവ്യ അനീഷ്, റോസമ്മ, ശ്രീജ, സജീവ് കുമാർ ,അനുരാഗ് എന്നിവർ പ്രസംഗിച്ചു. 21ാം വാർഡിൽ പള്ളിക്കാറിന്റെ തീരത്ത് പ്ലാക്കാട് നിന്നാണ് ജലനടത്തം ആരംഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ സുശീല കുഞ്ഞമ്മ കുറുപ്പ് ഫ്ലാഗ് ഓഫ് ചെയ്യും. സമാപനം പള്ളിക്കലാറിന്റെ തീരത്ത് നെല്ലിമുകളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിന്റെ മുഴുവൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും, രാഷ്ട്രീയ നേതാക്കളും കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.