ചെങ്ങന്നൂർ: സി.പി.ഐ നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി മനോവീര്യം തകർക്കാൻ ചിലർക്കുവേണ്ടി ചെങ്ങന്നൂർ പൊലീസ് പ്രവർത്തിക്കുന്നതായി സി.പി.ഐ ചെങ്ങന്നൂർ മണ്ഡലം സെക്രട്ടേറിയറ്റ് യോഗം ആരോപിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പൊലീസ് നയത്തിന് ആക്ഷേപമാണ് ചെങ്ങന്നൂർ പൊലീസിന്റെ നടപടികൾ. സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്ന പ്രവർത്തകരെ കള്ളക്കേസിൽപ്പെടുത്തി ജയിലിലടച്ച നിരവധി സംഭവങ്ങളുണ്ടായി. ചാരിറ്റിയുടെയും മറ്റും പേരിൽ ചെങ്ങന്നൂരിലെ ചില പ്രദേശങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ നിയമ മാർഗങ്ങളിലൂടെ ചോദ്യം ചെയ്യുന്ന സി.പി.ഐ നേതാക്കളെയാണ് മണ്ണുമാഫിയ എന്ന് വിശേഷിപ്പിച്ച് കള്ളക്കേസിൽ കുടുക്കുന്നത്. ചിലരുടെ പ്രീതി സമ്പാദിക്കാൻ പൊലീസ് അധികാരികൾ പരസ്പരം മത്സരിക്കുകയാണ്. ഇതിനെതിരെ പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടികൾക്ക് സെക്രട്ടേറിയേറ്റ് യോഗം രൂപം നൽകി.