പത്തനംതിട്ട: ജില്ലാ ട്രഷറിയിൽ നടന്ന 8.13 ലക്ഷം രൂപയുടെ തട്ടിപ്പു കേസിൽ മുഖ്യ സൂത്രധാരനെ ക്രൈംബ്രാഞ്ച് പിടികൂടി. റാന്നി പെരുനാട് സബ് ട്രഷറിയിലെ ട്രഷറർ ഇൗരാറ്റുപേട്ട സ്വദേശി സി.ടി.ഷഹീറിനെയാണ് കസ്റ്റഡിയിലെടുത്തത്. ഒളിവിലായിരുന്ന പ്രതിയെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നാണ് പിടികൂടിയതെന്ന് അന്വേഷണച്ചുമതലയുളള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉമേഷ് ബാബു പറഞ്ഞു. ഷഹീറിനെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ജില്ലാ ട്രഷറിയിൽ നടന്ന തട്ടിപ്പ് കഴിഞ്ഞ ജൂണിലാണ് പുറത്തുവന്നത്. ഇൗ സമയം ഷഹീർ പത്തനംതിട്ട ജില്ലാ ട്രഷറിയിലാണ് ജോലി ചെയ്തിരുന്നത്.
പരേതയായ ഒാമല്ലൂർ സ്വദേശിനിയുടെ പേരിൽ ജില്ലാ ട്രഷറിയിലുണ്ടായിരുന്ന നാല് സ്ഥിര നിക്ഷേപങ്ങളിൽ ഒന്ന് കാലാവധി പൂർത്തിയാകും മുൻപ് ക്ളോസ് ചെയ്തു. ആ തുകയും നിക്ഷേപകയുടെ പേരിലുണ്ടായിരുന്ന മറ്റ് മൂന്ന് അക്കൗണ്ടുകളിലെ പലിശയും ഉൾപ്പെടെ
8, 13000 രൂപ പിൻവലിച്ച്, നിക്ഷേപകയുടെ മകന്റെ പേരിൽ ആരംഭിച്ച വ്യാജ അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിരുന്നു. ജില്ലാ ട്രഷറി ഒാഫീസറും പെരുനാട് സബ് ട്രഷറി ഒാഫീസറും പൊലീസിൽ പരാതി നൽകിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഷഹീർ അടക്കം നാല് ട്രഷറി ജീവനക്കാർ സസ്പെൻഷനിലാണ്. മറ്റ് മൂന്ന് ട്രഷറി ജീവനക്കാരുടെ കമ്പ്യൂട്ടർ പാസ് വേർഡ് ഉപയോഗപ്പെടുത്തിയാണ് ഷഹീർ തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് മറ്റുള്ളവരെയും സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് ക്രൈബ്രാഞ്ച് ഏറ്റെടുത്തത്. പ്രതി ഉപയോഗിച്ച കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത അന്വേഷണ സംഘം പണം പിൻവലിക്കാൻ ഉപയോഗിച്ച ശേഷം നശിപ്പിച്ച ചെക്കും കണ്ടെടുത്തിരുന്നു.