ചെലവ് 39.64 ലക്ഷം
തിരുവല്ല: നഗരത്തിലെ ബൈപ്പാസ് ജംഗ്ഷനുകളിലും കുരിശുകവലയിലും ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നതിന് തുടക്കമായി. എം.എൽ.എ ഫണ്ടിൽ നിന്ന് 39.64 ലക്ഷം രൂപ ചെലവഴിച്ച് ബൈപ്പാസിലെ ആറ് ജംഗ്ഷനുകളിലും കുരിശുകവലയിലും ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നത്. വൈദ്യുതി ചാർജ്ജും ഗ്യാരണ്ടി കാലയളവിനുശേഷമുള്ള പരിപാലനവും നഗരസഭ ഏറ്റെടുത്ത് കൊണ്ടുള്ള പ്രമേയം അംഗീകരിച്ചാണ് തുക അനുവദിച്ചിട്ടുള്ളത്. പദ്ധതിയുടെ നിർവഹണ ചുമതല തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്കാണ്. ഭരണാനുമതി ലഭിച്ചിട്ടുളള വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ മാത്യു ടി.തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നിർണയിച്ചു നൽകി. കുരിശുകവല, മഴുവങ്ങാട് ജംഗ്ഷൻ, പുഷ്പഗിരി റോഡ് ജംഗ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് ജംഗ്ഷൻ, റെയിൽവേ റോഡ് ജംഗ്ഷൻ, രാമൻചിറ ജംഗ്ഷൻ, തിരുവല്ല മല്ലപ്പള്ളി റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിക്കുന്നത്. എം.എൽ.എയോടൊപ്പം മുൻസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, കൗൺസിലറായ ജിജി വട്ടശേരിൽ, മാത്യൂസ് ചാലക്കുഴി, ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു.