stan
സ്റ്റാൻ വർഗീസ്

പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് ആറു മാസത്തേക്ക് നാടുകടത്തി. തിരുവല്ല കളക്കാട് യമുനനഗറിൽ ദർശന വീട്ടിൽ സ്റ്റാൻ വർഗീസ് (28) ആണ് നാടുകടത്തപ്പെട്ടത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2016 മുതൽ തിരുവല്ല പൊലീസ് സ്റ്റേഷനിൽ 6 കേസുകളും കോയിപ്രം സ്റ്റേഷനിൽ രണ്ടു കേസുകളുമാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്ന് ആക്രമിക്കൽ, മാരകയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, കൊലപാതകശ്രമം, മോഷണം,കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നീ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നു. ജില്ലാ പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിക്കരുതെന്നും പുറത്താക്കപ്പെട്ട 6 മാസക്കാലം താമസിക്കുന്ന മേൽവിലാസം പൊലീസിനെ അറിയിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.