photo
മത്തായിയുടെ കുടുംബത്തിന്റെ നിവേദനം വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് കൈമാറുന്നു

പത്തനംതിട്ട :ചിറ്റാറിലെ യുവകർഷകൻ മത്തായിയുടെ മരണത്തിൽ കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബമോൾ, മക്കളായ സോന, ഡോണ എന്നിവർ വനംവകുപ്പ് മന്ത്രി എ.കെ ശശിന്ദ്രന് നിവേദനം നൽകി. യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ്, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, ജില്ലാ പ്രസിഡന്റ് ജിബി വട്ടശേരിൽ, നേതാക്കളായ മുഹമ്മദ് സാലി, മാത്തൂർ സുരേഷ്, ലതികാ സുഭാഷ്, മത്തായിയുടെ കുടുംബത്തിന്റെ അഭിഭാഷകൻ ജോണി കെ. ജോർജ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇന്നലെ പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ വച്ചാണ് മന്ത്രിയെ കണ്ടത്.

വനംവകുപ്പ് ഉദ്യേഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ മത്തായിയുടെ മരണം നടന്ന് ഒന്നര വർഷമായിട്ടും സർക്കാരിൽ നിന്ന് നഷ്ടപരിഹാരം കുടുംബത്തിന് ലഭിച്ചിട്ടില്ല. അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കണം. കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണം. കുടുംബത്തിന് വീട് ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. നിവേദനത്തിലെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ഷീബാ മോൾ പറഞ്ഞു.