
തിരുവല്ല : ഉല്ലാസയാത്രകൾ വിജയകരമായതോടെ തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോ അവധിക്കാലത്ത് വേറിട്ട ട്രിപ്പുകളും ഒരുക്കുന്നു. കരയിലൂടെയുള്ള യാത്രകൾക്കൊപ്പം അറബിക്കടലിലെ ആഡംബരക്കപ്പലിൽ അഞ്ചുമണിക്കൂർ സഞ്ചരിക്കാനുള്ള അവസരമാണ് പുതിയതായി അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നാണ് കപ്പൽയാത്ര തുടങ്ങുന്നത്. നെഫർ ടിറ്റി എന്ന കപ്പലിലാണ് യാത്ര. 14ന് രാവിലെ ആറിന് തിരുവല്ല ഡിപ്പോയിൽ നിന്നു ബോൾഗാട്ടിയിലേക്കുള്ള സൂപ്പർ ഡീലക്സ് ബസ് പുറപ്പെടും. കപ്പൽയാത്ര കഴിഞ്ഞു ബസിൽ തിരികെയെത്തിക്കും. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലുമായി ചേർന്നാണ് സൗജന്യ നിരക്കിൽ ക്രൂസ് അനുഭവം ഒരുക്കുന്നത്. കപ്പൽ യാത്രയ്ക്ക് പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 1349 രൂപയും മുതിർന്നവർക്ക് 3049 രൂപയുമാകും.
ഇഞ്ചത്തൊട്ടി കാനനയാത്ര
തിരുവല്ലയിൽ നിന്ന് ഇഞ്ചത്തൊട്ടി കാനനയാത്രയാണ് പുതിയതായി തുടങ്ങുന്ന ഉല്ലാസട്രിപ്പ്. ആൾബഹളവും വാഹനത്തിരക്കും തീരെക്കുറഞ്ഞ ഗ്രാമം ഭൂതത്താൻകെട്ടും തട്ടേക്കാടും കാണാനെത്തുന്നവരുടെ ഇടത്താവളമായി മാറിക്കഴിഞ്ഞു. കല്ലാല എസ്റ്റേറ്റ്, പാണ്ടുപാറ, കണ്ണിമംഗലം, മലയാറ്റൂർ നക്ഷത്രത്തടാകം, മലയാറ്റൂർ പാലം, കുറുപ്പുംപടി, കോതമംഗലം, ഭൂതത്താൻകെട്ട് ഡാം, കുട്ടമ്പുഴ ബോട്ടിംഗ്, ഇഞ്ചത്തൊട്ടി തൂക്കുപാലം, പൂയംകുട്ടി, മണികണ്ഠൻചാൽ എന്നിവിടങ്ങൾ സന്ദർശിക്കാം. ഭക്ഷണം, ബോട്ടിംഗ് എന്നിവ ഉൾപ്പെടെ 900 രൂപയാണ് ടിക്കറ്റ് നിരക്ക്. 15ന് രാവിലെ 6ന് യാത്ര പുറപ്പെടും. രാത്രി തിരിച്ചെത്തും. രണ്ടു ദിവസത്തെ മൂന്നാർ ട്രിപ്പ് എട്ടിന് ഉണ്ടാകും. 1180 രൂപയാണ് നിരക്ക്. സാമ്പ്രാണിക്കോടി, മലക്കപ്പാറ എന്നീ ട്രിപ്പുകളും ഡിപ്പോയിൽ നിന്ന് നടത്തിവരുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ: 9744348037, 9074035832.