daily
എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച തെരുവ് മാജിക് ഷോയിൽ മാങ്ങ കുഴിച്ചിട്ട് നിമിഷങ്ങൾക്കുള്ളിൽ അത് വളർത്തി മാവാക്കി അതിൽ നിന്നും സ്ട്രീറ്റ് മജീഷ്യൻ അലി ചെർപ്പുളശേരി മാങ്ങ പറിച്ചെടുക്കുന്നു.കെ.യു. ജനീഷ്‌കുമാർ എം.എൽ.എ സമീപം.

പത്തനംതിട്ട : നിമിഷങ്ങൾക്കുള്ളിൽ മാങ്ങ മുളപ്പിച്ച് വളർത്തി ഫലം കാണികൾക്ക് നൽകിയ ജാലവിദ്യയിൽ എല്ലാവരും കയ്യടിച്ചു. സ്ട്രീറ്റ് മജീഷ്യൻ അലി ചെർപ്പുളശേരി ഒരുക്കിയ മാംഗോ ട്രീ മാജിക് കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ കൗതുകമുണർത്തി. മാജിക് കാണാൻ തടിച്ച് കൂടിയ ജനങ്ങളെ സാക്ഷി നിറുത്തിയായിരുന്നു മാങ്ങയുടെ വിത്ത് കുഴിച്ചിട്ട് നിമിഷങ്ങൾക്കുള്ളിൽ അത് വളർത്തി മാവ് ആക്കി മാങ്ങ പറിച്ചെടുത്ത് കാഴ്ചക്കാർക്ക് തന്നെ വിതരണം ചെയ്തത്.
ജില്ലാ സ്റ്റേഡിയത്തിൽ 11 മുതൽ 17 വരെ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച തെരുവ് മാജിക് കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ജി.വിശാഖൻ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, സെക്രട്ടറി എസ്.രാജേന്ദ്രൻ നായർ, പ്രചാരണ സമിതി അംഗം സുമേഷ് ഐശ്വര്യ, അത്‌ലറ്റിക് കോച്ച് റോസമ്മ, വോളിബോൾ കോച്ച് തങ്കച്ചൻ പി.ജോസഫ്, കേരള കോൺഗ്രസ് ബി ജില്ലാപ്രസിഡന്റ് പി.കെ.ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. മണിലാൽ, ഉഷ മാടമൺ തുടങ്ങിയവർ പങ്കെടുത്തു.