അടൂർ: സംരക്ഷിക്കാൻ ആളില്ലാതെ വില്ലേജ് ഒാഫീസിൽ സഹായം തേടിയെത്തിയ വൃദ്ധയ്ക്ക് ആർ.ഡി.ഒ ഇടപെട്ട് സംരക്ഷണമൊരുക്കി. വിധവയായ ഏറത്ത് സ്വദേശി ഓമനാഭരതൻ (75) ആണ് തന്നെ സംരക്ഷിക്കാനാളില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഏറത്ത് വില്ലേജ് ഒാഫീസിലെത്തിയത്. ഇവർക്ക് മക്കളില്ല. ഇവരെയും ഇവരുടെ ബന്ധുക്കളെയും ഇന്നലെ അടൂർ ആർ ഡി ഒ എ തുളസീധരൻ പിള്ള ഓഫീസിൽ വിളിച്ചുവരുത്തി. ബന്ധുക്കൾ സംരക്ഷിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ സംരക്ഷണ ചുമതല ഏഴംകുളം ജീവമാത കാരുണ്യ ഭവൻ അധികൃതരെ ഏൽപിച്ചു. ജീവമാത കാരുണ്യഭവൻ ഡയറക്ടർ ഉദയഗിരിജയെത്തി കൂട്ടിക്കൊണ്ടുപോയി. ബന്ധുക്കൾക്കെതിരെ കേസെടുക്കുമെന്ന് ആർ ഡി ഒ അറിയിച്ചു.