acci
എം.സി റോഡിൽ രണ്ടു യുവാക്കളുടെ മരണത്തിന് കാരണമായ അപകടത്തിൽപ്പെട്ടു തകർന്ന സ്വിഫ്റ്റ് ബസും കാറും

ചെങ്ങന്നൂർ : എം.സി റോഡിൽ അപകട പരമ്പര തുടരുകയാണ്. 7 മണിക്കൂറിനിടെ ഉണ്ടായ മൂന്ന് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു. ബുധനാഴ്ച രാത്രി 11.30 മുതൽ വ്യാഴാഴ്ച രാവിലെ 6.30 വരെയാണ് അപകടങ്ങൾ തുടർച്ചയായി ഉണ്ടായത്. അപകടരഹിത ഇടനാഴിയായ എം.സി റോഡിലെ മുളക്കുഴയിലും സമീപത്തുമായാണ് അപകടങ്ങളുണ്ടായത്. ബുധനാഴ്ച രാത്രി 11.30ന് മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപുന്ന, പള്ളിപ്പുറം സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്. തുടർന്നു രാത്രി രണ്ടു മണിയോടെ മുളക്കുഴ മാർത്തോമ്മ പള്ളിക്കു സമീപം റോഡരികിൽ നിറുത്തിയിട്ടിരുന്ന മാരുതി വാനിൽ മീൻ കയറ്റി വന്ന പിക്കപ്പ് വാനിടിച്ചു. മാരുതി വാൻ ഭാഗികമായി തകർന്നു. ആളപായമുണ്ടായില്ല. പിന്നാലെ രാവിലെ 6.30 ഓടെ മുളക്കുഴ പള്ളിപ്പടിക്കു സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു. യാത്രകാർക്ക് നിസാരമായി പരിക്കേറ്റു. അടൂർ - ചെങ്ങന്നൂർ സുരക്ഷാ ഇടനാഴിയുടെ ഭാഗമായി നിരവധി സുരക്ഷാസംവിധാനങ്ങളും ട്രാഫിക് പരിഷ്‌കരണങ്ങളും ഒരുക്കുമ്പോഴും എം.സി റോഡിലെ അപകട പരമ്പരയ്ക്കു നിയന്ത്രണമുണ്ടാകുന്നില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ഓളം അപകടങ്ങളാണ് മുളക്കുഴയിൽ മാത്രമുണ്ടായത്. മുളക്കുഴയ്ക്കു പുറമേ രണ്ടു കിലോമീറ്റർ അകലെ ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംഗ്ഷനിൽ റൗണ്ട് എബൗട്ട് അടക്കം ഒരുക്കി ഗതാഗത സംവിധാനങ്ങൾ പരിഷ്കരിച്ചിട്ടും അപകട സാദ്ധ്യത കുറയുന്നില്ല. അപകടങ്ങൾ ഒഴിവാക്കാൻ രാത്രികാലങ്ങളിൽ അടക്കം പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും റോഡിൽ സ്ഥാപിക്കേണ്ടതുണ്ട്. കാൽനട യാത്രകാർക്കുള്ള സുരക്ഷവേലിയടക്കം തകർത്ത് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു.