nurse

പത്തനംതിട്ട : ജില്ലയിൽ നഴ്‌സസ് വാരാഘോഷ ഉദ്ഘാടന സമ്മേളനം രാവിലെ 9ന് കോഴഞ്ചേരി മൂത്തൂറ്റ് നഴ്‌സിംഗ് കോളജിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യും. ജില്ലാ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ.അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തും. നാളെയും മറ്റന്നാളും സ്റ്റാഫിനും നഴ്‌സിംഗ് വിദ്യാർത്ഥികൾക്കുമായി വിവിധയിനം കലാകായിക മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ കൂടാതെ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.
കോഴഞ്ചേരി മൂത്തൂറ്റ് നഴ്‌സിംഗ് കോളേജിൽ 11ന് സാംസ്‌കാരിക പരിപാടികൾ നടത്തും. തുടർന്നുളള പൊതുസമ്മേളത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നഴ്‌സസ് ദിനമായ 12ന് റാലിയും സമാപന സമ്മേളനവും നടത്തും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് രാവിലെ 8.30ന് ആരംഭിക്കുന്ന റാലി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം.മഹാജൻ ഫ്‌ളാഗ് ഓഫ് ചെയ്യും. അബാൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനം നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതാകുമാരി അദ്ധ്യക്ഷതവഹിക്കും. മുൻസിപ്പൽ ചെയർമാൻ പ്രമോദ് നാരായൺ എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.ശ്രീകുമാർ നഴ്‌സസ് ദിന സന്ദേശം നൽകും. വിവിധ കലാപരിപാടികളും നടക്കും.