shaheer
പ്രതി ഷഹീർ

പത്തനംതിട്ട: ട്രഷറി തട്ടിപ്പുകേസിൽ പിടിയിലായ മുഖ്യസൂത്രധാരൻ ഇൗരാറ്റുപേട്ട വട്ടക്കയം ചെമ്പകശേരി വീട്ടിൽ സി.ടി.ഷഹീർ (34) ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ചു. പത്തനംതിട്ട കളക്ടറേറ്റിന് സമീപം വാടക വീട്ടിൽ നിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്. മരണമടഞ്ഞ വിരമിച്ച സർക്കാർ ജീവനക്കാരിയുടെ സ്ഥിര നിക്ഷേപത്തുകയും പലിശയും ഉൾപ്പെടെ 8.13ലക്ഷം രൂപ സുധീഷ്, മണ്ണിലേത്ത് ഒാമല്ലൂർ മഞ്ഞിനിക്കര എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിയെടുത്ത സംഭവത്തിലാണ് ഷഹീർ അറസ്റ്റിലായത്. ഇയാളെ ഇന്നലെ പത്തനംതിട്ട ജില്ലാ ട്രഷറിയിലെത്തിച്ച് തെളിവെടുത്തു. 2020 ജൂൺ മുതൽ 2021 ഡിസംബർ വരെ ഏഴ് തവണയായാണ് പണം പിൻവലിച്ചതെന്ന് പ്രതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ഇയാൾ നേരത്തേ ജോലി ചെയ്തിരുന്ന ജില്ലാ ട്രഷറി, പെരുനാട് സബ്ട്രഷറി എന്നിവിടങ്ങളിലായാണ് തട്ടിപ്പ് നടത്തിയത്. കാണാതായ 38000രൂപയുടെ ഒരു ചെക്ക് പ്രതി ജോലി ചെയ്തിരുന്ന പെരുനാട് സബ് ട്രഷറിയിൽ നിന്ന് കണ്ടെടുത്തു. ജില്ലാ ‌ട്രഷറിയിൽ നിന്ന് മൂന്ന് തവണയും എരുമേലി സബ് ട്രഷറിയിൽ നിന്ന് രണ്ട് തവണയും മല്ലപ്പള്ളി, പെരുനാട് സബ് ട്രഷറികളിൽ നിന്ന് ഒാരോ തവണയും പ്രതി ചെക്ക് ഉപയോഗിച്ച് പണം പിൻവലിച്ചു.

സൈബർ സെല്ലിന്റെ സഹായത്തോടെ ഹാർഡ് ഡിസ്കുകളും സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇയാൾ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ലോഗിൻ വിവരങ്ങൾ പരിശോധിച്ച അന്വേഷണസംഘം നാഷണൽ ഇൻഫോർമാറ്റിക് സെന്ററിൽ നിന്നും കേരള സ്റ്റേറ്റ് ഡേറ്റാ സെന്ററിൽ നിന്നും ഡിജിറ്റൽ, ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. നൂറോളം രേഖകൾ കണ്ടെടുത്തു. പ്രതിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും അനധികൃത സമ്പാദ്യമുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് ക്രൈബ്രാഞ്ച് സംഘം പറഞ്ഞു. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു.