r

പത്തനംതിട്ട :കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തെ പേടിച്ചേ പറ്റു.

ചതിക്കുഴികൾ പലതുണ്ട് ഫോണിൽ. കൗതുകം കൊണ്ട് കുട്ടികൾ അതിൽ വീണുപോകാം. സൂക്ഷിക്കേണ്ടത് രക്ഷിതാക്കളാണ്. ജാഗ്രതയോടെയിരിക്കാൻ സർക്കാരിന്റെ സഹായമുണ്ടാകും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളിലുൾപ്പെടുത്തിയാണ് പദ്ധതി. സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുമായി ചേർന്ന് അമ്മമാർക്കായി സൈബർ സുരക്ഷാ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചാണ് ജാഗ്രത പുലർത്തുന്നത്. ഇന്ന് മുതൽ 20 വരെയാണ് ക്ലാസുകൾ.

ജില്ലയിൽ എൺപത്തഞ്ച് സ്കൂളുകളിലാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകളുള്ളത്. രണ്ട് അദ്ധ്യാപകർക്കാണ് ക്ലബിന്റെ ചുമതല. ക്ലാസെടുക്കാനുള്ള പരിശീലനം ഈ അദ്ധ്യാപകർക്കും ക്ലബിലെ അംഗങ്ങളായ കുട്ടികൾക്കും നൽകിയിട്ടുണ്ട്.

അരമണിക്കൂർ ദൈർഘ്യമുള്ള അഞ്ചു സെഷനുകളായാണ് പരിശീലനം. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, ഇന്റർനെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതാണ് ഒന്നാമത്തെ സെഷൻ. മൊബൈൽ ഫോണിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷയാണ് രണ്ടാം സെഷനിൽ. വ്യാജവാർത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും സഹായിക്കുന്നവയാണ് മൂന്നാം സെഷൻ. ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്ന നാലാം സെഷനിൽ സൈബർ ആക്രമണങ്ങളും ഓൺലൈൻ പണമിടപാടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചർച്ച ചെയ്യുന്നു. ഇന്റർനെറ്റ് അനന്ത സാദ്ധ്യതകളിലേക്കുള്ള ലോകം എന്ന അഞ്ചാം സെഷനോടെയാണ് ക്ലാസുകൾ തീരുന്നത്.

പരിശീലനം ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകൾ വഴി

ജില്ലയിലെ ഹൈസ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകൾ വഴിയാണ് രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 രക്ഷിതാക്കൾക്കാണ് പരിശീലനം. ജില്ലയിലെ ആദ്യ ക്ലാസ് ഇടയാറൻമുള എ. എം.എം. ഹൈസ്‌കൂളിൽ നടക്കും.

----------------------------

" ഫോണിൽ പലതും കുട്ടികൾ കാണിക്കുമ്പോഴാണ് പ്രവർത്തനങ്ങൾ മനസിലാകുന്നത്. എന്നേക്കാൾ നന്നായി അവർ ഫോൺ ഉപയോഗിക്കും. ഇതൊക്കെ രക്ഷിതാക്കൾ അറിഞ്ഞാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയു. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ക്ലാസുകൾ വേണം. "

ഷീജ ജോസഫ്

രക്ഷിതാവ്