പത്തനംതിട്ട: കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകർക്കുനേരെയുള്ള കോന്നി എം.എൽ.എ ജനീഷ്‌കുമാറിന്റെ അക്രമവും ഗുണ്ടായിസവും അവസാനിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സീതത്തോട്ടിലും കോന്നിയുടെ വിവിധ മേഖലകളിലും അക്രമണം നടത്തി യു.ഡി.എഫ് പ്രവർത്തകരെ നിർവീര്യമാക്കാൻ ശ്രമിക്കുകയാണ് എം.എൽ.എ. സീതത്തോട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വേണ്ടി പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷെമീർ തടത്തിലിനേയും സഹോദരൻ ഷെമീൻ തടത്തിലിനേയും സീതത്തോട്ടിലെ ആങ്ങമൂഴിയിൽ എം.എൽ.എയും ഗുണ്ടകളും ആക്രമിച്ച് പരുക്കേൽപ്പിച്ചതായി ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ നടത്തിയ കോടികളുടെ അഴിമതി, ബന്ധുനിയമനം തുടങ്ങിയവ ചോദ്യം ചെയ്യുകയും സീതത്തോട് ക്ഷീര സഹകരണ സംഘം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിനെ വിജയിപ്പിക്കുവാൻ നേതൃത്വം നൽകിയതിലുമുണ്ടായ വിരോധം മൂലമാണ് കോൺഗ്രസ് നേതാക്കളെ എം.എൽ.എ ആക്രമിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഇന്ന് നടക്കുന്ന സീതത്തോട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അക്രമണം. കോൺഗ്രസ് നേതാക്കളെ ആക്രമിച്ച എം.എൽ.എക്കെതിരെ കേസേടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടന്ന് ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.