പത്തനംതിട്ട : ജലജീവൻ മിഷൻ ഇരവിപേരൂർ പഞ്ചായത്ത് രണ്ടാംഘട്ട കുടിവെള്ള പദ്ധതി നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 3ന് വള്ളംകുളം നാഷണൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി വീണാജോർജ് നിർവഹിക്കും.ജില്ലയിലെ ആറൻമുള നിയോജക മണ്ഡലത്തിലെ ഇരവിപേരൂർ പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും പ്രവർത്തനക്ഷമമായ ഗാർഹിക കുടിവെള്ള കണക്ഷനുകൾ നൽകുന്നതിനായി ജലജീവൻമിഷൻ മുഖേന 41.51 കോടി രൂപ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഇതിന്റെ ഒന്നാം ഘട്ടമായി 12,13,14,15 വാർഡുകളിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷനുകൾ നൽകുന്നതിന് 6.58 കോടി രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളുടെ കരാർ ഉറപ്പിച്ചിട്ടുണ്ട്. ഈ പ്രവർത്തിയുടെ പൂർത്തീകരണത്തോടെ ഈ വാർഡുകളിലെ എല്ലാ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ ലഭിക്കും.ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻപിള്ള ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. തിരുവിതാംകൂർ പ്രസിഡന്റ് കെ. അനന്തഗോപൻ മുഖ്യപ്രഭാഷണം നടത്തും.