photo
മറൂരിൽ അച്ചൻകോവിലാറ്റിലെ വ്യാഴി കടവിന് സമീപം സ്ഥാപിച്ചിട്ടുള്ള എം.സി.എഫ് നിറഞ്ഞ് മാലിന്യം പുറത്തേക്ക് കുമിഞ്ഞു കൂടിയ നിലയിൽ... ഇതിന് താഴെയാണ് പ്രമാടം കുടിവെള്ള പദ്ധതി സ്ഥിതി ചെയ്യുന്നത്.

എം.സി.എഫുകളിൽ മാലിന്യ നീക്കം ചെയ്യുന്നില്ല

പ്രമാടം : മാലിന്യ മുക്ത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രമാടം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങൾ (എം.സി.എഫ്) മാലിന്യ കൂമ്പാരങ്ങളായി മാറിയതോടെ നാട് പകർച്ചവ്യാധി ഭീഷണിയിൽ. വീടുകളിലെയും സ്ഥാപനങ്ങളിലെയും ഖരമാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളിൽ ഇറച്ചി അവശിഷ്ടങ്ങൾ വരെ വ്യാപകമായി എത്തിച്ചുതുടങ്ങിയതോടെ മിക്കയിടങ്ങളും പുഴുവരിച്ച് ദുർഗന്ധം വമിക്കുകയാണ്. ആറുമാസം മുമ്പാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ഖരമാലിന്യ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിച്ചത്. എന്നാൽ ഒരുതവണ പോലും മാലിന്യം നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. മിക്ക ഇടങ്ങളിലും എം.സി.എഫുകൾ നിറഞ്ഞ് മാലിന്യങ്ങൾ പുറത്തേക്ക് തള്ളുന്നുണ്ട്.കുമിഞ്ഞുകൂടുന്നമാലിന്യം തെരുവുനായ്കളും പക്ഷികളും വലിച്ച് റോഡുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്ന പ്രദേശവാസികളെ ദുരിതത്തിലാക്കിയിട്ടുണ്ട്.

അഞ്ച് മാസമായി മാലിന്യം നീക്കുന്നില്ല

ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കടിക്കുന്ന ഒന്നാം വാർഡിലെ മറൂരിൽ സ്ഥാപിച്ചിട്ടുള്ള എം.സി.എഫ് നാടിന് തന്നെ ഭീഷണിയാണ്. അച്ചൻകോവിലാറ്റിലെ വ്യാഴി കടവിന് സമീപത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇതിന് താഴെയാണ് പ്രമാടം പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതി. ആയിരക്കണക്കിന് കുടുംബങ്ങളാണ് മറൂർ കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് കഴിയുന്നത്. അഞ്ച് മാസമായി ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ജനവാസം കുറഞ്ഞ പ്രദേശമായതിനാൽ പത്തനംതിട്ടയിലെയും പ്രമാടത്തെയും ഇറച്ചിക്കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും അവശിഷ്ടങ്ങൾ ഇവിടെ വ്യാപകമായി എത്തിക്കുന്നുണ്ട്. പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ തെരിവുനായ്കളും പക്ഷികളും മറ്റും വ്യാപകമായി സമീപ വീടുകളിലെ കിണറുകളിലും അച്ചൻകോവിലാർ ഉൾപ്പടെയുള്ള ജലാശയങ്ങളിലും നിക്ഷേപിക്കുന്നുണ്ട്. ഇത് പകർച്ച വ്യാധി പടരാൻ സാദ്ധ്യത ഏറെയാണ്. നേരത്തെ മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള ജലജന്യ രോഗങ്ങൾ തുടർക്കഥയായിരുന്ന പ്രദേശം കൂടിയാണ് പ്രമാടം. പഞ്ചായത്തിലെ മിക്ക എം.സി.എഫുകളുടെയും അവസ്ഥ ഇതാണ്.

പരാതി പറഞ്ഞിട്ടും ഫലമില്ല

പഞ്ചായത്തിലും ജനപ്രതിനിധികളോട് പരാതി പറഞ്ഞും നാട്ടുകാർ മടുത്തു. നാടിനെ പകർച്ച വ്യാധികളിലേക്ക് തള്ളിവിടുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.