മല്ലപ്പള്ളി: പുല്ലാട്- മല്ലപ്പള്ളി റോഡിൽ അപകട പരമ്പര. ഇന്നലെ രാവിലെ 10ന് കോട്ടയത്തു നിന്നുംകോഴഞ്ചേരിക്ക് പോയ സ്വകാര്യ ബസും ടിപ്പറും വെണ്ണിക്കുളത്ത് കൂട്ടിയിടിച്ചു. പരിക്കേൽക്കാതെ യാത്രക്കാർ രക്ഷപ്പെട്ടു. കാലിന് പരിക്കേറ്റ ബസ് ഡ്രൈവർ തോട്ടയ്ക്കാട് സ്വദേശി മുകേഷ് ആശുപത്രിയിൽ ചികിത്സ തേടി. ഉച്ചയ്ക്ക് 12.30ന് കീഴ് വായ്പൂരിൽ എത്തിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പടുതോട് കവല്ക്ക് സമീപം വൈദ്യുതി പോസ്റ്റിലിടിച്ചു. റോഡിന് സമീപമുള്ള വൈദ്യുതി തൂണുകളും, വൈദ്യുതികമ്പികളും, കേബിളുകളും യാത്രയ്ക്ക് തടസമാകുന്നതായും പരാതിയുണ്ട്. ബി.എം, ബി.സി നിലവാരത്തിൽ റോഡ് നവീകരിച്ചതോടെ വലിയ വാഹനത്തിരക്കാണ് റോഡിലുണ്ടായിട്ടുള്ളത്. കോട്ടയത്തുനിന്നും പത്തനംതിട്ടയിലെയ്ക്ക് എത്താനുള്ള എളുപ്പ മാർഗമാണ് ഈ റോഡ്. എന്നാൽ പാതയോരത്തെ വൈദ്യുതിത്തൂണുകളും, താഴ്ന്നു കിടക്കുന്ന വൈദ്യുതകമ്പികളും , കേബിളുകളും അപകട സാദ്ധ്യതക്ക് ആക്കം കൂട്ടുകയാണ്. മല്ലപ്പള്ളി മുതൽ പുല്ലാട് വരെയുള്ള റോഡ് നവീകരണത്തിന് ശേഷം 12 അപകടങ്ങളാണ് ചുരുങ്ങിയ കാലയളവിൽ ഉണ്ടായത്. തുടരെ ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിന്അധികൃതർ അടിയന്തര നടപടി സ്ഥീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.