നാരങ്ങാനം: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വഴിപാട് ഭജന സദ്യ കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് താത്ക്കാലികമായി നിറുത്തിവച്ച ഭജന സദ്യ വ്യാഴാഴ്ചയാണ് വീണ്ടും തുടങ്ങിയത്. അഭീഷ്ട സിദ്ധിക്കായി ഭക്തർ ആറൻമുള മതിലകത്ത് ഉച്ചപ്പൂജക്ക് ശേഷം നടത്തുന്ന പ്രധാന അന്നമൂട്ട് വഴിപാടാണിത്. ക്ഷേത്രത്തിൽ ഭജനമിരിക്കുന്നവരും ഭക്തരുമടക്കം നൂറ് കണക്കിന് പേർക്കായാണ് വഴിപാട് സദ്യ. കൊവിഡ് നിയന്ത്രണങ്ങൾ മാറിയതിനെ തുടർന്നാണ് ക്ഷേത്രോപദേശക സമിതിയുടെ ശുപാർശ പ്രകാരം ദേവസ്വം ബോർഡ് ഭജന സദ്യ പുനരാരംഭിക്കാൻ അനുമതി നൽകിയത്. നിലവിൽ വ്യാഴം, ഞായർ ദിവസങ്ങളിലാണ് ഈ വഴിപാടിന് അനുമതിയുള്ളത്. എന്നാൽ മുൻകൂർ ബുക്കിംഗ് ഏറുന്ന മുറയ്ക്ക് പഴയത് പോലെ എല്ലാ ദിവസവും ഭജന സദ്യ നടത്താൻ ക്രമീകരണങ്ങൾ നടത്തുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജി.ബിനു അറിയിച്ചു. ഇതിനായി ഭക്തർക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടാം. ഫോൺ 0468 2212170. ഉച്ചപ്പൂജയുടെ നിവേദ്യത്തിന് ശേഷമാണ് ഊട്ടുപുരയിൽ നിലവിളക്ക് കൊളുത്തി സദ്യ വട്ടങ്ങൾ വിളമ്പുന്നത്. ദേവസ്വത്തിലും പള്ളിയോട സേവാസംഘത്തിലും രജിസ്റ്റർ ചെയ്തിട്ടുള്ള സദ്യ കരാറുകാർ മുഖേനയാണ് ഭജന സദ്യ ഒരുക്കേണ്ടത്.