നാരങ്ങാനം: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പുഷ്പാഭിഷേക ഉത്സവവും സപ്താഹ യജ്ഞവും 9ന് ആരംഭിക്കും.15നാണ് പുഷ്പാഭിഷേകം. 9ന് രാവിലെ 7ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ നിലവിളക്കുകൊളുത്തി സപ്താഹയജ്ഞത്തിന് ആരംഭം കുറിക്കും. ഗുരുവായൂർ മണികണ്ഠവാര്യരരാണ് യജ്ഞാചാര്യൻ. തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ജി.ബൈജു, തിരുവാഭരണ കമ്മിഷണർ എസ്.അജിത് കുമാർ,അസിസ്റ്റന്റ് കമ്മീഷണർ കെ. സൈനുരാജ്, അഡ്മിനിസ്‌ട്രേറ്റീവ് ആഫീസർ ജി.ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പുഷ്പാഭിഷേകം ഉത്സവം. എല്ലാ ദിവസവും മതിലകത്ത് ഭക്തജനങ്ങൾക്കായി അന്നദാനവും പുഷ്പാഭിഷേക ദിവസമായ 15ന് സമൂഹ സദ്യയും ഉണ്ടാകുമെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അറിയിച്ചു. കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളായി ആറന്മുളയിൽ പുഷ്പാഭിഷേക ഉത്സവം താന്ത്രിക ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ക്ഷേത്രോപദേശക സമിതി മുൻകൈയ്യെടുത്ത് ഭക്തരുടെ സഹകരണത്തോടെ പഴയ രീതിയിൽ തന്നെ പുഷ്പാഭിഷേകം നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. മൂല സ്ഥാനമായ ഇടയാറൻമുള വിളക്കുമാടം കൊട്ടാരത്തിൽ നിന്ന് 15ന് ഉച്ചയ്ക്ക് മൂന്നിന് പുഷ്പാഭിഷേക ഘോഷയാത്ര ആരംഭിക്കും. പമ്പമേളം, തായമ്പക,പഞ്ചവാദ്യം,കരകം, താലപ്പൊലി, നിശ്ചല ദൃശ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ എത്തുന്ന ഘോഷയാത്രയിൽ ആണ് ക്ഷേത്രത്തിൽ അഭിഷേകത്തിനുള്ള പുഷ്പം എഴുന്നെള്ളിക്കുന്നത്.മൂന്ന് ആനപ്പുറത്താണ് പുഷ്പ കുംഭങ്ങൾ എഴുന്നെള്ളിക്കുന്നത്. നടുവിൽ സ്വർണ കുംഭവും ഇരുപുറവും വെള്ളി കലശങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് കൊണ്ട് വരും. വഴിനീളെ നിറപറ സമർപ്പണവും ഉണ്ടാകും.ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ 60ലക്ഷം രൂപാ ചെലവിൽ നിർമ്മിക്കുന്ന പടിഞ്ഞാറേ ഗോപുരത്തിന്റെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്. അവസാന മിനുക്ക് പണികൾ പൂർത്തീകരിച്ച് ഉടൻ തന്നെ ഗോപുര സമർപ്പണം നടത്തുമെന്ന് പ്രസിഡന്റ് എൻ.എസ്.രാജേന്ദ്രബാബു, സെക്രട്ടറി കെ.പി.അശോകൻ, വൈസ് പ്രസിഡന്റ് കെ. കെ.രാധാമണിയമ്മ, അംഗങ്ങളായ മനോജ് മാധവശേരിൽ, ശരത് പുന്നം തോട്ടം, വേണു പനവേലിൽ എന്നിവർ അറിയിച്ചു.