കോഴഞ്ചേരി: ബധിരമൂക ദമ്പതികൾ താമസിക്കുന്ന വീട്ടിൽ തീ പിടിത്തം. യുവതിക്കും മൂന്നു വയസുള്ള കുഞ്ഞിനും പൊള്ളലേറ്റു. ഇടയാറൻമുള നോർത്ത് കോഴിപ്പാലത്ത് ശ്രീവൃന്ദത്തിൽ വിനീതിന്റെ ഭാര്യ ശ്യാമ(27), മകൾ ആദിശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു.

വിനീതും ശ്യാമയും ബധിരരും മുകരുമാണ്. ഇവരുടെ മകൾക്ക് സംസാരശേഷിയും കേൾവി ശക്തിയുമുണ്ട്. വയറ്റിലുണ്ടായ അസുഖത്തെ തുടർന്ന് കുഞ്ഞ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടി ഏറെനേരം മൊബൈൽ ഫോണിൽ കളിച്ചതിനെ ചൊല്ലി വിനീതും ശ്യാമയും തമ്മിൽ വഴക്കുണ്ടായതായി സംശയിക്കുന്നു. വിനീത് മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയത്. പുലർച്ചെയാണ് ശ്യാമയും കുഞ്ഞും കിടന്ന മുറിയിൽ തീ കത്തിയതെന്ന് അറിയുന്നു. അയൽവാസികളാണ് തീ പടരുന്നത് കണ്ടത്. വിനീതും നാട്ടുകാരും ചേർന്നാണ് ശ്യാമയെയും ആദിശ്രീയെയും ആശുപത്രിയിലെത്തിച്ചത്.

അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിലായതിനാൽ തീപിടിത്തത്തിന്റെ കാരണമറിയാൻ മൊഴിയെടുക്കുന്നത് വൈകുമെന്ന് പൊലീസ് പറഞ്ഞു. ആറൻമുള സി.െഎ സി.കെ മനോജ്, എസ്‌.െഎ എം.ആർ.രാകേഷ് എന്നിവർ വീട്ടിലെത്തിൽ പരിശോധന നടത്തി.