കോന്നി: ജില്ലയിലെ താപനില 34, 35 ഡിഗ്രി സെൽഷ്യസ് വരെ എത്തി നിൽക്കുകയാണ്. വേനൽക്കാലം പകുതി പിന്നിട്ടപ്പോൾ ജില്ലയിൽ പ്രതീക്ഷിച്ചതിലും കൂടുതൽ വേനൽ മഴ ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. മലയോരമേഖലയിലെ പ്രദേശങ്ങളെല്ലാം വേനലിൽ വെന്തുരുകുകയാണ്. കാലാവസ്ഥ പ്രവചനാതീതമായി മാറിയതോടെ ജനം നന്നേ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. കുപ്പിവെള്ളത്തിന്റെയും ശീതളപാനീയത്തിന്റെയും കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. ചൂട് വർദ്ധിച്ചതോടെ വൈദ്യുതി ഉപയോഗവും വർദ്ധിച്ചു. ഓഫീസുകളിൽ ഉപയോഗിക്കുന്ന ജാർ വെള്ളത്തിന്റെയും വിൽപ്പന വർദ്ധിച്ചിട്ടുണ്ട്. എ.സി, കൂളർ, ഫാൻ എന്നിവയുടെ വിൽപ്പനയും വർദ്ധിച്ചു. സൂര്യാഘാതം ,സൂര്യതാപം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ചൂടുകുരു മുതൽ കിഡ്‌നി രോഗങ്ങൾ വരെ ഉണ്ടായേക്കാം. ഉയർന്ന അന്തരീക്ഷ ആർദ്രതയും താപസൂചിക ഉയർത്തുന്ന ഘടകമാണ്.
മുൻ കരുതൽ വേണം
ചില മുൻകരുതൽ എടുത്താൽ വേനൽക്കാലം ആരോഗ്യകരമാക്കാം. വേനൽക്കാലത്ത് രണ്ടുലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്. ഒരോ വ്യക്തിയും എത്രത്തോളം വെയിൽ/ചൂട് കൊള്ളുന്നു എന്നതിനനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെ അളവു വ്യത്യാസപ്പെട്ടിരിക്കും. മോരുംവെള്ളം, കരിക്കിൻ വെള്ളം, നാരങ്ങ വെള്ളം, ബാർലി വെള്ളം, ഓട്‌സ് കുറുക്കിയത്, കൂവ പൊടി കുറുക്കിയത്, ഉലുവ വെള്ളം, പഴങ്ങളുടെ ചാറുകൾ തുടങ്ങിയ പ്രകൃതി പാനീയങ്ങൾ കൂടുതലായി കുടിക്കുക. ഇവ ക്ഷീണം അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു. മദ്യപാനം, മസാല ഭക്ഷണം, ജങ്ക് ഫുഡ്,മൈദ, ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങൾ എന്നിവ ഒഴിവാക്കുക.തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, അനാർ, മാങ്ങ തുടങ്ങിയ പഴങ്ങൾ, കൂടുതൽ വെള്ളം അടങ്ങിയ കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, കോവക്ക എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കുക. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക. കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക.വാഹനങ്ങൾ തണൽ നോക്കി പാർക്ക് ചെയ്യുക. വെയിലത്തു പാർക്ക് ചെയ്ത് വണ്ടിയിൽ പ്രവേശിക്കുന്നതിനു മുൻപ് ഗ്ലാസ് തുറന്നിട്ട് കൂൾ ആയതിനു ശേഷം യാത്ര ചെയ്യുക. പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
........
താപനില 34, 35 ഡിഗ്രി സെൽഷ്യസ്