
തിരുവല്ല: നഗരത്തിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ട് ടാങ്കർ ലോറികൾ തിരുവല്ല നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക സംഘം ഇന്നലെ പുലർച്ചെ നടത്തിയ പരിശോധനയിലാണ് ടാങ്കറുകൾ പിടികൂടിയത്. എം.സി റോഡിലെ രാമൻചിറയ്ക്ക് സമീപത്തെ വാച്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിനിടെ പുലർച്ചെ ഒന്നരയോടെയാണ് ആദ്യ വാഹനം പിടികൂടിയത്. തുടർന്ന് തിരുവല്ല - പൊടിയാടി റോഡിൽ പരിശോധന നടത്തുന്നതിനിടെ കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിന് സമീപത്ത് നിന്നും രണ്ടരയോടെ രണ്ടാമത്തെ ടാങ്കറും പിടിച്ചെടുത്തു. രേഖകൾ പരിശോധിച്ചതിൽ നിന്നും ടാങ്കറുകൾ ചേർത്തല സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടറന്മാരായ അജി എസ്.കുമാർ, എ.ബി. ഷാജഹാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് വാഹനങ്ങൾ പിടികൂടിയത്. വാഹന ഉടമകൾക്ക് മേൽ പിഴ ചുമത്തുമെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.