ചെങ്ങന്നൂർ: ആദിപമ്പയിലെ മണ്ണെടുപ്പ് സംബന്ധിച്ച് നേരിട്ട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട്‌ സമർപ്പിക്കാൻ ജില്ലാ കളക്ടറോട് ഹൈക്കോടതി. മണൽവാരലുമായി ബന്ധപ്പെട്ട് ഇടനാട് ജനകീയ സമിതി അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ കളക്ടർ ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ മണ്ണെടുക്കാനുള്ള തീരുമാനം നഗരസഭാ കൗൺസിലും മുൻസിപ്പൽ സെക്രട്ടറിയും ഉൾപ്പെട്ട പ്രാദേശിക കമ്മിറ്റി തീരുമാനപ്രകാരമാകണമെന്നും റിവർ ബെഡ് താഴ്ത്താൻ പാടില്ലെന്നും എടുത്ത മണൽ വിൽക്കാനുള്ള അധികാരം നഗരസഭ സെക്രട്ടറിയിൽ നിക്ഷിപ്തമാണെന്നും പറഞ്ഞിരുന്നു. 70 ശതമാനം വരുമാനം നഗരസഭയ്ക്കും 30 ശതമാനം റിവർ മാനേജ്മെന്റ് ഫണ്ടിലേക്കുമാണെന്നുമുണ്ട്. ഇറിഗേഷൻ വകുപ്പിന് നഗരസഭ ആവശ്യപ്പെട്ടാൽ തൊഴിലുറപ്പ് പദ്ധതിയിൽ മണ്ണും ചെളിയും നീക്കം ചെയ്യാൻ സാദ്ധ്യമല്ലെങ്കിൽ വേണ്ട മെഷീൻ വാടകയ്ക്കെടുത്ത് കൊടുക്കാനുള്ള അധികാരം മാത്രമാണ് പറയുന്നത്. ഇതു പ്രകാരമാണോ മണ്ണെടുപ്പ് നടക്കുന്നതെന്ന് നേരിട്ട് കണ്ട് റിപ്പോർട്ട്‌ നൽകാനാണ് കോടതി നിർദ്ദേശം. .