പ്രമാടം : അധികൃതരുടെ അനാസ്ഥയെ തുടർന്ന് മാലിന്യ കൂമ്പാരങ്ങളായി മാറിയ പ്രമാടം പഞ്ചായത്തിലെ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങൾ (എം.സി.എഫ്)വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു തുടങ്ങി. മാലിന്യ മുക്ത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രമാടം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള എം.സി.എഫുകൾ മാലിന്യ കൂമ്പാരങ്ങളായി മാറിയതോടെ നാട് പകർച്ചവ്യാധി ഭീഷണി നേരിടുന്നത് സംബന്ധിച്ച് ഇന്നലെ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. 19-ാം വാർഡ് മെമ്പർ ലിജ ശിവപ്രകാശിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ പൊക്കിട്ടാറ പടിയിൽ സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫിൽ നിന്നും മാലിന്യം നീക്കം ചെയ്യുകയും പരിസരം ശുചീകരിക്കുകയും ചെയ്തു. മറ്റുവാർഡുകളിലും വരും ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. ആറുമാസം മുമ്പാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ഖരമാലിന്യ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിച്ചത്. എന്നാൽ ഒരുതവണ പോലും മിക്കയിടങ്ങളിലെയും മാലിന്യം നീക്കം ചെയ്യാൻ അധികൃതർ തയാറായിരുന്നില്ല മിക്കയിടങ്ങളിലും എം.സി.എഫുകൾ നിറഞ്ഞ് മാലിന്യങ്ങൾ പുറത്തേക്ക് കുന്നുകൂടിയ നിലയിലുമയിരുന്നു. അശാസ്ത്രീയമായി കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യം തെരുവുനായ്കളും പക്ഷികളും റോഡുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് പ്രദേശത്ത് പകർച്ച വ്യാധി ഭീഷണി ഉയർത്തുന്നുണ്ട്. എന്നാൽ ഏറെ ആശങ്കകൾ സൃഷ്ടിക്കുന്ന മറൂർ വ്യാഴി കടവിന് സമീപം സ്ഥാപിച്ചിട്ടുള്ള എം.സി.എഫിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ല. ഇതിന് താഴെയാണ് പ്രമാടം കുടിവെള്ള പദ്ധതി സ്ഥിതി ചെയ്യുന്നത്.
.............................
ആയിരക്കണക്കിന് കുടുംബങ്ങളാണ് മറൂർ കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് കഴിയുന്നത്. അഞ്ച് മാസമായി ഇവിടെ നിന്നും മാലിന്യം നീക്കം ചെയ്തിട്ടില്ല. പഞ്ചായത്ത് ഓഫീസിലും വാർഡ് മെമ്പറോടും പരാതി പറഞ്ഞ് മടുത്തു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും. ഇതിലെ മാലിന്യങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിക്ഷേപിക്കും
(നാട്ടുകാർ)