ചെങ്ങന്നൂർ: എം.സി. റോഡിൽ ചെങ്ങന്നൂർ നഗരമദ്ധ്യത്തിൽ കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹോസ്പിറ്റൽ ജംഗ്ഷനു സമീപം കത്തോലിക്കാ പള്ളിക്ക് മുൻപിലായി ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാർ മറുവശത്തേക്ക് നിയന്ത്രണം വിട്ട് കത്തോലിക്കാ പള്ളിക്കെട്ടിടത്തിലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അൻവറിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻവശം തകർന്നു. കടയുടെ ഷട്ടറിനും കേടുപാടുകൾ സംഭവിച്ചു. കുട്ടികളടക്കം അഞ്ചു പേർ കാറിലുണ്ടായിരുന്നു.