​​​​​​​ചെങ്ങന്നൂർ: തൊഴിൽ അന്വേഷകരെത്തേടി സർക്കാർ സംവിധാനങ്ങൾ വീടുകളിലേക്ക് എത്തുന്നത് രാജ്യത്തുതന്നെ ആദ്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ മനുഷ്യ വിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് കേരള നോളജ് എക്കണോമി മിഷൻ നടത്തുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാമ്പയിനിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന സർവേയും മന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയത്തിന് അതീതമായ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് എന്റെ തൊഴിൽ എന്റെ അഭിമാനം കാമ്പയിനെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മന്ത്രിമാരുടെയും സാന്നിദ്ധ്യത്തിൽ ചെങ്ങന്നൂർ ബ്രീൻലാൻഡിൽ അജീഷ് കുമാറിന്റെ വീട്ടിൽ സർവ്വേയ്ക്ക് തുടക്കം കുറിച്ചു. കെ​ഡിസ്​ക് മെമ്പർ സെക്രട്ടറി ഡോ. പി.വി.ഉണ്ണികൃഷ്ണൻ,​കുടുംബശ്രീ എക്‌​സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ചെങ്ങന്നൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, കേരള മേയേഴ്‌​സ് കൗൺസിൽ പ്രസിഡന്റ് എം.അനിൽകുമാർ, അടൂർ മുനിസിപ്പൽ ചെയർമാൻ ഡി.സജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജെബിൻ പി.വർഗീസ്, ഇന്ദിരാ ദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹേമലത ടീച്ചർ, മഞ്ജുള ദേവി,പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.പുഷ്പലത മധു, പ്രസന്ന രമേശ്, കുടുംബശ്രീ ജില്ലാ മിഷൻ കോ​ഓർഡിനേറ്റർ ജെ.പ്രശാന്ത് ബാബു, വാർഡ് കൗൺസിലർ വിവിജി എന്നിവർ പങ്കെടുത്തു.