അടൂർ : ബിവറേജസ് കോർപ്പറേഷന്റെ അടൂരിലെ മദ്യവിൽപ്പനശാലയിലെ മോഷണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. അടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ഡി.പ്രജീഷന്റെ നേതൃത്വത്തിൽ എസ്.ഐ മാരുടെ മൂന്നുപേർ വീതം അടങ്ങുന്ന രണ്ട് സംഘമാണ് അന്വേഷണം നടത്തുന്നത്. അടൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായുള്ള സി.സി.ടി.വികളുടെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ സംബന്ധിച്ചുള്ള വ്യക്തമായ സൂചനകളിനിയും ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസമായി ഇരുപതിലധികം സി.സി.ടി.വിയിലെ ദൃശ്യങ്ങൾ പരിശോധിച്ചു. 6ന് രാത്രിയിലായിരുന്നു മോഷണം. 30000 രൂപ വിലവരുന്ന 31 കുപ്പി വിദേശമദ്യവും രണ്ടുമൊബൈൽ ഫോണുകളും സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങളുമാണ് മോഷണം പോയത്.സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ പഠനം നടത്തിയവരാകാം ഇതിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. കൈയ്യിൽ കരുതിയ ആയുധവും സിമിന്റ്കട്ടയും ഉപയോഗിച്ച് ലോക്കർ തുറക്കുന്നതിനിടയിൽ ലോക്കറിന്റെ ലിവർ ഒടിഞ്ഞുപോയതോടെ ശ്രമം ഉപേക്ഷിച്ചു. ലോക്കർ തറയിൽ നിന്നും ഇളക്കിയെടുക്കാനുള്ള ശ്രമവും നടന്നില്ല. 18ലക്ഷം രൂപ ലോക്കറിൽ ഉണ്ടായിരുന്നു. തുടർന്നാണ് പ്രീമിയം കൗണ്ടറിലെ റാക്കിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യങ്ങളുമായി കടന്നത്. പ്രൊഫഷണൽ മോഷ്ടക്കാളിയിരിക്കില്ല ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനാൽ ആദ്യകാല മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ബിവറേജസിന്റെ പടിഞ്ഞാറുഭാഗത്തുകൂടിയുള്ള വഴിയിലൂടെ എത്തിയ മോഷ്ടാക്കൾ പിന്നിലെ ഗ്രില്ലിന്റേയും ഷട്ടറിന്റേയും പൂട്ട് പൊളിച്ചാണ് അകത്തുപ്രവേശിച്ചത്. ആദ്യം സി.സി.ടി.വി യുടെ പ്രവർത്തനം വിച്ഛേദിച്ച് ഹാർഡ് ഡിസ്ക് സൂക്ഷിക്കുന്ന യൂണിറ്റ് മോഷ്ടിച്ചു. തുടർന്നാകാം ലോക്കർ തുറക്കുന്നതിന് ശ്രമം നടത്തിയത്. ബൈപാസ് റോഡിൽ നിന്നാൽ ബിവറേജസ് പ്രവർത്തിക്കുന്ന താഴത്തെ നില കാണാനാകില്ലെന്നതും മോഷ്ടാക്കൾക്ക് സഹായകകരമായി. മോഷ്ടിച്ചെടുത്ത വിദേശമദ്യവുമായി പിന്നിലൂടെ പടിഞ്ഞാറുഭാഗത്തെ വഴിയിൽ കയറിയാണ് ഇവർ രക്ഷപെട്ടത്. അതിനാൽ ബൈപാസ് റോഡിന്റെ ഒാരത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വികളിലൊന്നും മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടില്ല.