പത്തനംതിട്ട : കെ.എസ്.ആർ.ടി.സി ഒാർഡിനറി ബസും കാറും ഉരസിയതിനെ തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിലെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ സെൻട്രൽ ജംഗ്ഷനിലുണ്ടായ തർക്കം കെ.എസ്.ആർ.‌ടി.സി സ്റ്റാൻഡിൽ കയ്യാങ്കളിയോടെയാണ് അവസാനിച്ചത്. സർക്കാരിന്റെ ഒന്നാംവാർഷികത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്ര സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനുവേണ്ടി ഒാമല്ലൂർ ഭാഗത്ത് നിന്നുള്ള ബസുകൾ കോളേജ് റോഡു വഴി സെൻട്രൽ ജംഗ്ഷനിലേക്ക് തിരിച്ചുവിട്ടിരുന്നു. മാവേലിക്കര ഡിപ്പോയിൽ നിന്നുള്ള കെ.എസ്. ആർ.ടി.സി വേണാട് ബസ് സെൻട്രൽ ജംഗ്ഷനിലേക്ക് എത്തിയപ്പോൾ എതിരെ വന്ന മാരുതി കാറുമായി ഉരസി നിന്നു. പൊലീസെത്തി ഇരുവാഹനങ്ങളെയും കെ.എസ്.ആർ.ടി. സി സ്റ്റാൻഡിലേക്ക് വിട്ടു. അവിടെ അനുരഞ്ജന ചർച്ച നടക്കുന്നതിനിടെ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. തങ്ങളെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി കണ്ടക്ടർ അനീഷും ഡ്രൈവർ രാജുവും പത്തനംതിട്ട പൊലീസിൽ പരാതി നൽകി. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. അടൂർ ഏനാത്ത് സ്വദേശിയാണ് കാർ ഡ്രൈവർ. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.