അടൂർ : നഗരഹൃദയത്തിൽ താമസിക്കുന്ന വിനോബാജി നഗർ നിവാസികൾ ചോദിക്കുന്നു അടുത്തെങ്ങാനും തുറന്നുതരുമോ തങ്ങളുടെ റോഡെന്ന്. ഇരട്ടപ്പാല നിർമ്മാണത്തിന്റെ ഭാഗമായുള്ള ഒാട, കലുങ്ക് എന്നിവയുടെ നിർമ്മാണത്തിനായി റോഡ് കുഴിച്ചിട്ടിട്ട് രണ്ടരവർഷത്തോളമാകുന്നു.മുസ്ലീം പള്ളിയുടെ മുൻവശത്തായിരുന്ന ഒാടയുടെ നിർമ്മാണം. ഇതിനായാണ് രണ്ടരവർഷം മുൻപ് ഗതാഗതം തടസപ്പെടുത്തി ആദ്യംറോഡ് കുഴിച്ചിട്ടത്. രണ്ട് വർഷത്തോളമെടുത്തു ഒാടയുടെ നിർമ്മാണം പൂർത്തിയാകാൻ. തുടർന്നാണ് ഉയർന്ന ഭാഗത്തുനിന്നും ഒഴുകിവരുന്ന വെള്ളം വലിയതോട്ടിലേക്ക് ഒഴുക്കിവിടുന്നതിനായി കലുങ്ക് നിർമ്മാണത്തിന് തുടക്കം കുറിച്ചത്. വിനോബാജി നഗറിലെ നൂറിൽപരം വീടുകൾ, വാട്ടർ അതോറിറ്റി ഒാഫീസ്, അടൂർ ആൾ സെയിന്റ്സ് പബ്ലിക്ക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ്, കൃഷിഭവൻ, മൃഗാശുപത്രി എന്നിവിടങ്ങളിലേക്ക് ടൗണിൽ നിന്നും നേരിട്ടുള്ള വഴിയാണ് അടഞ്ഞുകിടക്കുന്നത്. ഒപ്പം മുസ്ളീം പള്ളിക്ക് സമീപത്തായുള്ള പതിനഞ്ചോളം വ്യാപാരികളും പ്രതിസന്ധിയിലായി.
കലുങ്ക് നിർമ്മാണം പൂർത്തിയായില്ല
കലുങ്കിന്റെ നിർമ്മാണം പൂർത്തിയായാൽ മാത്രമേ ഇവിടം മണ്ണിട്ടുയർത്തി റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയൂ. കലുങ്കിന് മുകളിലായി സ്ളാബ് സ്ഥാപിക്കുന്ന ജോലിയാണ് ഇനി ശേഷിക്കുന്നത്.കാൽനടയാത്രക്കാർക്കായി ടിൻഷീറ്റ് നിരത്തിയിട്ടുണ്ട്.അതിനാൽ ഇരുചക്ര വാഹനയാത്രക്കാർക്കും കടന്നുപോകാനാകില്ല. വിനോബാജി നഗറിലുള്ളവർക്ക് തങ്ങളുടെ വാഹനങ്ങളുമായി വീടുകളിലെത്തെണമെങ്കിൽ ടൗൺ യു.പി സ്കൂളിന് വടക്കുഭാഗത്തുള്ള റോഡിലൂടെചുറ്റി വേണംപോകാൻ. പുതിയ പാലത്തിന്റെ സമീപത്തുനിന്നും റോഡിലേക്ക് ഇറങ്ങണമെങ്കിൽ മെറ്റിൽ നിരന്നുകിടക്കുന്നതിനാൽ കാൽനടയാത്രക്കാർ തെന്നിവീഴുന്നതും പതിവാണ്. പ്രത്യേകിച്ചും പ്രായമുള്ളവർ. അതിനാൽ ഇൗ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് പോകണമെങ്കിൽ സാഹസികമായിവേണം നടന്നുപോകാൻ. എത്രയും വേഗം കലുങ്കിന്റെ നിർമ്മാണം പൂർത്തിയാക്കി റോഡ് ഉയർത്തി സഞ്ചാരയോഗ്യമാക്കി തുറന്ന് കൊടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
...................
കരാറുകാർ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നത്. കനത്തവാടക നൽകിയാണ് വ്യാപാര സ്ഥാപനങ്ങൾ തുറന്ന് വച്ചിരിക്കുന്നത്. വാഹനങ്ങൾക്ക് കടന്നുവരാൻ കഴിയാത്തതിനാൽ പലരും ഇൗഭാഗത്തേക്ക് തിരിഞ്ഞുനോക്കാതെയായി. ഇതോടെ നഷ്ടക്കച്ചവടം മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
ജോൺ ഡാനിയേൽ,
വ്യാപാരി