തിരുവല്ല: പതിറ്റാണ്ടുകൾ പഴക്കമുള്ള അറവുശാലയ്ക്ക് പകരമായി തിരുവല്ലയിൽ അത്യാധുനിക അറവുശാല വരുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആധുനിക അറവുശാലയ്ക്ക് കിഫ്ബിയുടെ അന്തിമാനുമതിയായി. കിഫ്ബിയിൽ 14.39 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്. നേരത്തേ 10.35 കോടി രൂപയ്ക്ക് തുടങ്ങാനിരുന്ന പദ്ധതി കാലതാമസം കാരണം തുക വർദ്ധിപ്പിച്ചാണ് 14.39 കോടി രൂപയാക്കിയത്. തുകലശേരിയിൽ നഗരസഭയുടെ രണ്ടേകാൽ ഏക്കർ സ്ഥലത്ത് നിലവിൽ പ്രവർത്തിച്ചുവരുന്ന അറവുശാലയോടു ചേർന്നാണ് ആധുനിക അറവുശാല നിർമ്മിക്കുന്നത്. ഒരു ദിവസം 100 മുതൽ 150 വലിയ ഉരുക്കളെ കശാപ്പു ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ടാകും. കൂടാതെ 50 മുതൽ 100 വരെ ആടുകളെയും കശാപ്പ് ചെയ്യാനാകും. അറക്കാനുള്ള ഉരുക്കളെ വൃത്തിയാക്കുന്നതു മുതൽ അവശിഷ്ടങ്ങൾ ജൈവ വളമാക്കുന്നതിനുള്ള സജീകരണവും ഇതോടൊപ്പം ഏർപ്പെടുത്തും. ശുചീകരണ പ്ലാന്റ്, 25,000 ലീറ്ററിന്റെ ജലസംഭരണി, ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്, മഴവെള്ള സംഭരണി എന്നിവയും ഉണ്ടാകും. നഗരസഭ 32 വർഷം മുൻപാണ് ഇവിടെ അറവുശാല തുടങ്ങുന്നത്. ഇപ്പോൾ ആഴ്ചയിൽ 60 -79 മൃഗങ്ങളെ കശാപ്പ് ചെയ്യാറുണ്ട്. നഗരസഭയിലെ 6 കടകൾക്കും സമീപ പഞ്ചായത്തുകളിലേക്കും ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.
കിഫ്ബിയിൽ 14.39 കോടി
..........
-ഒരു ദിവസം 100 മുതൽ 150 വലിയ ഉരുക്കളെയും,
50 മുതൽ 100 വരെ ആടുകളെയും കശാപ്പ് ചെയ്യാം
നഗരസഭ അറവുശാല തുടങ്ങിയത് 32 വർഷങ്ങൾക്ക് മുൻപ്
............................
പുതിയ ആധുനിക അറവുശാല വരുന്നതോടെ നഗരസഭയ്ക്കു പുറമേ കൂടുതൽ പഞ്ചായത്തുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം വൈകാതെ ഉണ്ടാകും.
ബിന്ദു ജയകുമാർ
(നഗരസഭാദ്ധ്യക്ഷ)