1
കടമ്പനാട് സ്റ്റേഡിയത്തിനായുേളള സ്ഥലം.

കടമ്പനാട് : കടമ്പനാട് സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ചതോടെ ഇനിയെങ്കിലും സ്റ്റേഡിയം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഇവിടെയുള്ള പുറമ്പോക്ക് സ്ഥലത്തെപ്പറ്റി പരിസരവാസികളുമായി ഉണ്ടായ അവകാശതർക്കമാണ് ഇതുവരെ നിർമ്മാണത്തിന് തടസമായത്. കോടതിയിൽ നടന്നിരുന്ന കേസ് പഞ്ചായത്തധികൃതർ നടത്തിയ അനുരഞ്ജന ചർച്ചയിൽ പരാതിക്കാർ ഇപ്പോൾ പിൻവലിച്ചു. വർഷങ്ങൾക്കു മുൻപേ കടമ്പനാട് ജംഗ്‌ഷന്‌ പടിഞ്ഞാറ് ഭഗവതി ക്ഷേത്രത്തിന് തെക്കുവശത്താണ് സ്റ്റേഡിയത്തിന് പഞ്ചായത്ത് സ്ഥലം വാങ്ങിയത്. രണ്ടേക്കർ സ്ഥലമാണുള്ളത്. ഇതിന് സമീപമുള്ള പുറമ്പോക്ക് ഭൂമിയെച്ചൊല്ലിയായിരുന്നു തർക്കം. പഞ്ചായത്ത് ബഡ്ജറ്റുകളിൽ സ്റ്റേഡിയം നിർമ്മാണത്തിന് തുക വകയിരുത്താറുണ്ടെങ്കിലും കേസ് കാരണം തുടർനടപടികൾ ഉണ്ടാകുമായിരുന്നില്ല.

കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി 85 ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചില നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചിരുന്നെങ്കിലും അതും നടന്നില്ല. സ്റ്റേഡിയം വേണമെന്നത് നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യമാണ്. കേസ് മൂലം കഴിയില്ലെന്നായിരുന്നു ഇതുവരെ അധികൃതർ പറഞ്ഞത്. ഇനി നിർമ്മാണത്തിന് നടപടി സ്വീകരിക്കാവുന്നതേയുള്ളു.

. അത്യാധുനിക രീതയിലുള്ള ഫുട്ബാൾ സ്റ്റേഡിയം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്റ്റേഡിയത്തിന്റെ ബോർഡറിൽ നടപ്പാതയൊരുക്കി പ്രഭാത സവാരിക്കുള്ള സൗകര്യ മേർപെടുത്തണമെന്നും ആവശ്യമുണ്ട്.

---------------------------

കടമ്പനാട് പഞ്ചായത്തിൽ മിനി സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്തിയിട്ട് മൂന്നര ദശാബ്ദം പിന്നിട്ടു. വിവിധ പഞ്ചായത്ത് ഭരണ സമിതികൾ പിന്നീട് വന്നെങ്കിലും ഏറ്റെടുത്ത സ്ഥലത്തിന്റെ അതിര് നിർണയിച്ച് സ്റ്റേഡിയം യഥാർത്ഥ്യമാക്കാൻ ഇതുവരെ കഴിഞ്ഞില്ല. എം എൽ യും സ്പോർട്സ് അതോറിറ്റിയും സ്ഥലം സന്ദർശിച്ച് നടപടികൾ ഊർജ്ജിതപ്പെടുത്തുമെന്ന് പറഞ്ഞത് പ്രതീക്ഷനൽകുന്നു. പഞ്ചായത്ത്‌ ഭരണസമിതിയും മുൻകൈയെടുക്കണം.

സാബു കടമ്പനാട്

------------

സ്റ്റേഡിയത്തിന് 2 ഏക്കർ സ്ഥലം