പ്രമാടം : മിനി എം.സി.എഫുകളിലെ അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ കർശന നടപടിയുമായി പ്രമാടം പഞ്ചയത്ത്. ഹരിത കർമ്മസേന വീടുകളിൽ നിന്നും തരംതിരിച്ച് ശേഖരിക്കുന്ന പാഴ് വസ്തുകൾ സംഭരിച്ച് വയ്ക്കുന്നതിന് വേണ്ടിയാണ് എം.സി.എഫുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും അനധികൃതമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ചുള്ള സെക്രട്ടറിയുടെ ഉത്തരവ് മിനി എം.സി.എഫുകൾക്ക് മുന്നിൽ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്.
മാലിന്യ മുക്ത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രമാടം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങൾ (എം.സി.എഫ്) സ്ഥാപിച്ചിരിക്കുന്നത്. വീടുകളിൽ നിന്നും ഹരിതസേനാ അംഗങ്ങൾ ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ തരം തിരിച്ച് സൂക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ ഇത്തരം കേന്ദ്രങ്ങൾ പൊതുമാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. അറവുമാടുകളുടെയും ഇറച്ചിക്കോഴിയുടേയും ഉൾപ്പെടെ അവശിഷ്ടടങ്ങൾ കവറുകളിലക്കി ഇവിടങ്ങളിൽ നിക്ഷേപിക്കാൻ തുടങ്ങിയതോടെ പ്രദേശങ്ങൾ പകർച്ചവ്യാധി ഭീഷണിയിലുമാണ്. മിക്കയിടങ്ങളിലും മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് പുഴുവരിക്കുന്ന നിലയിലുമായിരുന്നു. ഇത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്തിന്റെ കർശന നടപടി.
ഹരിത കർമ്മസേനകളുടെ പ്രവർത്തനം കാര്യക്ഷമല്ലെന്ന്
കഴിഞ്ഞ ദിവസങ്ങളിൽ ഭൂരിഭാഗം എം.സി.എഫുകളും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചിരുന്നു. അതേ സമയം ഹരിത കർമ്മസേനകളുടെ പ്രവർത്തനം കാര്യക്ഷമല്ലെന്നും ആക്ഷേപമുണ്ട്.
ആറ് മാസം മുമ്പാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ഖരമാലിന്യ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിച്ചത്.എന്നാൽ ഒരുതവണ പോലും മിക്കയിടങ്ങളിലെയും മാലിന്യം നീക്കം ചെയ്യാൻ അധികൃതർ തയാറായിരുന്നില്ല. മിക്കിയിടങ്ങളിലും എം.സി.എഫുകൾ നിറഞ്ഞ് മാലിന്യങ്ങൾ പുറത്തേക്ക് കുന്നുകൂടിയ നിലയിലുമായിരുന്നു.
രാത്രികാല പരിശോധന
അശാസ്ത്രീയമായി കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യം തെരുവുനായ്കളും പക്ഷികളും വലിച്ച് റോഡുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കിയിട്ടുണ്ട്. അനധികൃത മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ രാത്രികാല പരിശോധന ഉൾപ്പെടെ നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം.