പത്തനംതിട്ട: കെ.പി.സി.സി നിർദ്ദേശപ്രകാരമുള്ള കോൺഗ്രസ് ജന്മദിന ഫണ്ടായ 137രൂപ, യൂണിറ്റ് കമ്മിറ്റി രൂപീകരണം എന്നിവ വിജയിപ്പിക്കുന്നതിൽ ഗുരുതര വീഴ്ചയും കൃത്യവിലോപവും നടത്തിയ ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സാം മാത്യു (ഏനാത്ത്), സാബു മരുതേൻകുന്നേൽ (കോട്ടാങ്ങൽ), എബ്രഹാം പി. തോമസ് (ചെറുകോൽ), പി.എം ജോൺസൺ (ഇലന്തൂർ), ജിജി ചെറിയാൻ (മല്ലപ്പുഴശ്ശേരി), സുബിൻ നീറംപ്ലാക്കൽ (കോയിപ്രം) എന്നിവരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി ഡി.സിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു. ഇൗ മണ്ഡലങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തും.

പാർട്ടിയിൽ പതിനഞ്ച് വർഷത്തിലേറെ ഭാരവാഹി സ്ഥാനത്ത് ഇരിക്കുന്നവരാണ് വീഴ്ചവരുത്തിയതെന്ന് ഡി.സി.സി നേതൃത്വം പറയുന്നു. ഒരു ബൂത്തിൽ നിന്ന് 6850 രൂപയാണ് പിരിച്ചു കൊടുക്കേണ്ടത്. ജില്ലയിലെ പല ബൂത്ത് കമ്മിറ്റികളിലും പിരിവ് നടന്നില്ല. ഇക്കാര്യം നേതൃത്വം പരിശോധിച്ചു വരികയാണ്. കൂടുതൽ പേർക്കെതിരെ ഇനിയും നടപടികളുണ്ടാകുമെന്നാണ് സൂചന. പാർട്ടി പരിപാടികൾ ഏറ്റെടുക്കാതെ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കെ.പി.സി.സി നേതൃത്വത്തിന്റെ അനുമതിയുണ്ട്. യൂണിറ്റു കമ്മറ്റികൾ പുന:സംഘടിപ്പിച്ച് ജനകീയ വിഷയങ്ങൾ ഏറ്റെടുക്കണമെന്ന നിർദേശം ചിലടങ്ങളിൽ നടപ്പായില്ല.