പത്തനംതിട്ട: ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് രോഗികൾക്കും ജീവനക്കാർക്കും സർക്കാർ സംരക്ഷണം നൽകണമെന്ന് ഐ. എം .എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ആശുപത്രികൾക്ക് നേരെയുള്ള അക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ചികിത്സയ്ക്കിടയിൽ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങളുണ്ടായാൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ജീവനക്കാർക്കുമെതിരെ ആക്രമ ണങ്ങൾ വർദ്ധിച്ചുവരുന്നു. രണ്ടുവർഷങ്ങൾക്കിടയിൽ വനിതാ ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാർ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടു. പ്രതികളിൽ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഇവർക്കെതിരെ കേസുകളെടുക്കാൻ മടിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സംഘടന ശക്തമായ നിലപാട് സ്വീകരിക്കും. ആശുപത്രികളുടെ നിലവാരം ഉയർത്തുന്നതിനും വ്യാജ ചികിത്സകരെ ഒഴിവാക്കുന്നതിനുമുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് സ്വാഗതാർഹമാണ്. ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന് യോജിച്ചതല്ല. ഡോക്ടർമാർ ചികിത്സ ആരംഭിക്കുന്നതിനു മുൻപെടുക്കുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റാനുള്ള നാഷനൽ മെഡിക്കൽ കമ്മിഷന്റെ നീക്കം പ്രതിഷേധാർഹമാണന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി, വൈസ് പ്രസിഡന്റ് ഡോ.മോഹനൻ നായർ, ഡോ .മുരളീധരൻനായർ, ഡോ. അനിത ബാലക്യഷ്ണൻ , ഡോ. ടി .ജി വർഗീസ് എന്നിവർ പങ്കടുത്തു.