mambra-1
ആല-ചെറിയനാട് ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മാമ്പ്ര-1 പാടശേഖരത്തിൽ കൊയ്ത്തുയന്ത്രം എത്തിയപ്പോൾ

ചെങ്ങന്നൂർ: കൊയ്ത്തുയന്ത്രം കിട്ടാതെ വലഞ്ഞ ആലാ-ചെറിയനാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മാമ്പ്ര-1 പാടശേഖരത്തിലെ കർഷകർക്ക് കേരളകൗമുദി വാർത്ത തുണയായി. കർഷകരുടെ വിഷമത മനസിലാക്കി ചെറിയനാട് കൃഷി ഉദ്യോഗസ്ഥർ കൊയ്ത്തുയന്ത്രം എത്തിച്ച് മാമ്പ്ര-1 പാടശേഖരത്തിലെ കൊയ്ത്ത് നടത്തി. 120 ഏക്കർ വ്യാപിച്ചുകിടക്കുന്ന മാമ്പ്ര പാടശേഖരത്തിൽ 15 ഏക്കറിലുളള നെൽകൃഷിയാണ് വിളവെടുക്കാറായിട്ടും കൊയ്തെടുക്കാൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലായത്. ഇതേ തുടർന്ന് കൊയ്ത്തുയന്ത്രം കിട്ടിയില്ലെങ്കിൽ പ്രതിഷേധ സൂചകമായി നെൽച്ചെടികൾ കത്തിച്ചു കളയാനായിരുന്നു കർഷകരുടെ ആവസാന പദ്ധതി. ഇതേ തുടർന്ന് കർഷകരുടെ വിഷമത ചൂണ്ടികാട്ടി കേരളകൗമുദി കഴിഞ്ഞ 7ന് വാർത്ത പ്രസിദ്ധീകരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ചെറിയനാട് കൃഷിഓഫീസർ മധുസൂദനൻ നായർ, അസിസ്റ്റന്റ് കൃഷി ഓഫീസർ സുരേഷ് കുമാർ എന്നിവർ പ്രശ്നത്തിൽ ഇടപെട്ടു. പാമ്പനം പാടശേഖരത്തിൽ കൊയ്ത്തു നടത്തുകയായിരുന്ന രണ്ട് കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചാണ് കൊയ്ത്ത് ആരംഭിച്ചത്.

.......................

കഴിഞ്ഞ രണ്ട് വർഷമായി മാമ്പ്ര പാടശേഖരത്തിലെ നെൽകർഷകർ കനത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരുന്നത്. ഇക്കുറി ഇറക്കിയ കൃഷിയും നശിച്ചാൽ ഭാരിച്ച കടബാദ്ധ്യത എങ്ങനെ നികത്തും എന്നറിയാത്ത അവസ്ഥയിലായിരുന്നു. കേരളകൗമുദി വാർത്ത തങ്ങളെ ഏറെ തുണച്ചു.

തങ്കപ്പക്കുറുപ്പ്, വേണുഗോപാൽ, വിജയൻ, രാധാകൃഷ്ണക്കുറുപ്പ്, സുനീഷ്

(മാമ്പ്ര പാടശേഖരത്തിലെ കർഷകർ)

........................

- 120ഏക്കർ വ്യാപിച്ചുകിടക്കുന്ന മാമ്പ്ര പാടശേഖരത്തിൽ 15 ഏക്കറിലുളള നെൽകൃഷി