ചെങ്ങന്നൂർ: അവിശ്വാസ പ്രമേയത്തിനു മുൻപേ പ്രസിഡന്റും, വൈസ് പ്രസിഡന്റും രാജിവച്ച തിരുവൻവണ്ടൂർ പഞ്ചായത്തിൽ ഇതേ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 19ന് നടത്തും. രാവിലെ 11ന് പ്രസിഡന്റിന്റെയും, ഉച്ചയ്ക്കു 2ന് വൈസ് പ്രസിഡന്റിന്റെയും തിരഞ്ഞെടുപ്പ് നടത്തും. കോൺഗ്രസ് പിന്തുണയിൽ സി.പി.എം ഭരിച്ചിരുന്ന തിരുവൻവണ്ടൂർ പഞ്ചായത്തിൽ പ്രസിഡന്റിനും, വൈസ് പ്രസിഡന്റിനുമെതിരേയുള്ള ബി.ജെ.പി.യുടെ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കുന്നതിനു മുൻപേ ഇരുവരും രാജിവയ്ക്കുകയായിരുന്നു പ്രസിഡന്റ് ബിന്ദു കുരുവിള, വൈസ് പ്രസിഡന്റ് ബീന ബിജു എന്നിവർക്കെതിരായ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാനിരിക്കവേ ഇരുവരും പഞ്ചായത്ത് സെക്രട്ടറിക്കു രാജിക്കത്ത് നൽകി. പ്രമേയത്തിന്റെ നടപടികൾ തുടങ്ങിയ സമയത്താണ് രാജി പുറത്തറിയുന്നത്. എൽ.ഡി.എഫ് അംഗങ്ങൾ ഒഴികെയുള്ള ഒൻപതു പഞ്ചായത്തംഗങ്ങൾ നടപടികൾക്ക് മുന്നോടിയായി ഹാജരായിരുന്നു.

പ്രതിസന്ധിയൊഴിയാതെ തിരുവൻവണ്ടൂർ


നിലവിലെ രാജിയ്ക്കു മുൻപും ഭരണത്തിലേറി രണ്ടു വർഷം തികയുന്നതിനു മുൻപേ തിരുവൻവണ്ടൂരിൽ മൂന്നു തവണയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ബി.ജെ.പി.-5, സി.പി.എം.-4, കോൺഗ്രസ്-3, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് കക്ഷിനില. 2020 ഡിസംബറിലെ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നു കോൺഗ്രസ് അംഗങ്ങൾ രണ്ടാം റൗണ്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾക്കു വോട്ടു ചെയ്തതോടെ പ്രസിഡന്റും, വൈസ് പ്രസിഡന്റും സത്യപ്രതിജ്ഞയ്ക്കു മുൻപേ രാജിവച്ചു. വിപ്പ് ലംഘിച്ചായിരുന്നു അന്ന് കോൺഗ്രസ് അംഗങ്ങളുടെ നടപടി. അതേസമയം സത്യപ്രതിജ്ഞ ചെയ്യാതെ രാജി എന്നത് അസാധാരണ നടപടിക്രമമായതിനാൽ നിയമസാധുതയുണ്ടാകില്ലെന്നു വരണാധികാരി അറിയിച്ചിരുന്നു.

മൂന്നാം തവണ ഭരണത്തിലേറി


2021 ഫെബ്രുവരിയിൽ നടന്ന രണ്ടാമതു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇരുവരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അന്നും യു.ഡി.എഫ്. പിന്തുണ ഉപേക്ഷിച്ചു വീണ്ടും രാജിവച്ചു.
തുടർന്നു മൂന്നാം തവണ 2021 ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും പിന്തുണച്ചു. ഇത്തവണ രാജിയുണ്ടായില്ല. അങ്ങനെ കോൺഗ്രസ് പിന്തുണയിൽ സി.പി.എം. ഭരണത്തിലേറി.

സ്വതന്ത്രനെ പിന്തുണയ്ക്കുമോ


നിലവിലെ സാഹചര്യത്തിൽ വീണ്ടും കോൺഗ്രസ്, സി.പി.എം. പിന്തുണയിൽ ഭരണം എന്നത് ഇരുമുന്നണികൾക്കും രാഷ്ട്രീയമായും ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കും. കെ-റെയിൽ വിഷയം അടക്കം അലയടിക്കുന്ന ചെങ്ങന്നൂരിൽ സി.പി.എമ്മിനെ പിന്തുണയ്ക്കുക എന്നത് കോൺഗ്രസിനും വെല്ലുവിളിയാണ്. ആദ്യഘട്ടത്തിൽ സി.പി.എമ്മിന് പ്രസിഡന്റ്, കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ നൽകി ഭരണം തുടരുമെന്ന സൂചനയുണ്ടായിരുന്നു. നിലവിൽ ഇരുവരും ചേർന്നു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച അംഗത്തെ പ്രസിഡന്റായി കൊണ്ടുവരാനുള്ള സാദ്ധ്യതകളാണ് കാണുന്നത്. സമവാക്യങ്ങൾ മാറി ബി.ജെ.പി.ക്ക് ഭരണസാരഥ്യം കിട്ടിയേക്കാമെന്ന സൂചനയുണ്ട്.