റാന്നി : കുടമുരുട്ടി പെരുന്തേനരുവി റോഡിൽ ചെന്നാപ്പാറക്ക് സമീപത്ത് വലിയ തോടിന്റേയും റോഡിന്റെയും സംരക്ഷണ ഭിത്തി ഇടിഞ്ഞ നിലയിൽ. കാട്ടിൽ നിന്നും മഴയിൽ കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന്റെ ശക്തിയിലാണ് കൽകെട്ട് ഇടിയുന്നത് . പെരുന്തേനരുവി ടൂറിസവുമായി ബന്ധപ്പെട്ടും കെ.എസ്.ഈബി യുമായും ബന്ധപ്പെട്ട് ദിവസവും നിരവധി ആളുകൾ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്. കാലങ്ങളായി മൺപാതയായിരുന്ന സ്ഥലത്ത് ഡാം വന്നതോടെയാണ് ഇവിടുത്തെ ജനങ്ങൾക്ക് സഞ്ചാര യോഗ്യമായ റോഡ് കിട്ടിയത്. റോഡുപണി നടക്കുന്ന സമയത്തു ഇവിടെ കലുങ്ക് നിർമ്മിച്ചിരുന്നെങ്കിൽ കാലങ്ങളോളം റോഡിനു അത് ഗുണകരമാകുമായിരുന്നു. പെരുന്തേനരുവിക്ക് പുറമെ കൊച്ചുകുളം കുടമുരുട്ടി മേഖലയിലുള്ള ആളുകൾ വ്യാപാരങ്ങൾക്കും മറ്റുമായി വെച്ചൂച്ചിറ, ചാത്തന്തറ, മുക്കൂട്ടുതറ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനും ഈ പാതയാണ് ഉപയോഗിക്കുന്നത്. റോഡ് തകർച്ച നേരിടുന്നതിന് മുമ്പ് വശം കെട്ടി ബലപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.