പത്തനംതിട്ട: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എന്റെ കേരളം പ്രദർശന വിപണനമേള ഇന്ന് തുടങ്ങും. 17 വരെയാണ് മേള. ഇന്ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു. ടി.തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ തുടങ്ങിയവർ പങ്കെടുക്കും.സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും അടക്കം ശീതീകരിച്ച 179 സ്റ്റാളുകളാണ് പ്രവർത്തിക്കുക. 79 സ്റ്റാളുകൾ സർക്കാർ വകുപ്പുകളുടേതാണ്. രാവിലെ ഒൻപത് മുതൽ രാത്രി ഒൻപതുവരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. കൊവിഡ് പ്രതിസന്ധി അതിജീവിച്ച് മുന്നോട്ടു കുതിക്കാൻ വ്യവസായ സംരംഭങ്ങൾക്കും കലാകാരന്മാർക്കും വിവിധ മേഖലകളിലുള്ളവർക്കും സഹായകമാകുന്ന നിലയിലാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.വിനോദസഞ്ചാര മേഖലയിലെ സവിശേഷതകൾ വ്യക്തമാക്കുന്ന കേരളത്തെ അറിയാം പ്രദർശനം, നമ്മുടെ നാടിന്റെ ചരിത്രവും അഭിമാനവും നേട്ടങ്ങളും പ്രതീക്ഷകളും ഭാവിയും വിവരിക്കുന്ന എന്റെ കേരളം പ്രദർശനം എന്നിവ പുതിയ അനുഭവവും വിജ്ഞാനവും പകരും. കുടുംബശ്രീയുടെ നേതൃത്വത്തിൽ വൈവിദ്ധ്യമായ രുചിക്കൂട്ടുകളുമായി ഭക്ഷ്യമേളയുണ്ട്. കാർഷിക പ്രദർശന വിപണന മേള, നവീന സങ്കേതങ്ങൾ പരിചയപ്പെടുത്തുന്ന ടെക്‌നോ ഡെമോ എന്നിവയും മേളയുടെ സവിശേഷതയാണ്. ഏഴു ദിവസവും രാവിലെ സെമിനാറുകളും വൈകുന്നേരങ്ങളിൽ കലാസാംസ്‌കാരിക പരിപാടികളും നടക്കും. പാരമ്പര്യ കലകൾക്കും കലാരൂപങ്ങൾക്കും മേളയിൽ കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്.ജില്ലാ കഥകളി ക്ലബ് അവതരിപ്പിക്കുന്ന കഥകളി, ആറൻമുള, ഷഡങ്കുര പുരേശ്വര കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ നയിക്കുന്ന പാട്ടുപടേനി, വേലകളി, ബോഡുബെറു നാടൻ സംഗീതം, യൗവന ഡ്രാമാ വിഷന്റെ നാടകം, ഗസൽ സന്ധ്യ, സാംസ്‌കാരിക വകുപ്പിന്റെ നേതൃത്തിൽ വിവിധ സംസ്ഥാനങ്ങളിലെ തനത് നൃത്തരൂപങ്ങളുടെ അവതരണം, സുനിൽ വിശ്വത്തിന്റെ പാട്ടുകളം, അപർണ രാജീവിന്റെ സ്മൃതി സന്ധ്യ,കരുനാഗപ്പള്ളി ഗിരീഷ് കുമാറും സംഘവും അവതരിപ്പിക്കുന്ന ജുഗൽബന്ദി, രാഹുൽ കൊച്ചാപ്പിയും സംഘത്തിന്റെയും പാട്ടുവഴി, പ്രശസ്ത സിനിമാ സീരിയൽ, താരങ്ങളായ കോട്ടയം സുഭാഷും ജോബി പാലയും സംഘവും അവതരിപ്പിക്കുന്ന കോമഡി മിമിക്രി മഹാമേള, വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, സാരംഗ് ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും.വിന്റേജ് വാഹനങ്ങളുടെ പ്രദർശനവും ആസ്വാദകർക്കായി ഒരുക്കിയിട്ടുണ്ട്. ഒപ്പം പൊലീസ് ഡോഗ്‌സ്‌ക്വാഡിന്റെ ഡോഗ് ഷോയും.