പത്തനംതിട്ട : നഗരത്തിൽ മാലിന്യം വീണ്ടും കുന്നുകൂടുന്നു. ഇടവഴികളിലടക്കം മാലിന്യം നിറഞ്ഞിട്ടും അധികൃതർ ഇതൊന്നും കണ്ട മട്ടില്ല. പലയിടങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അടക്കം അലക്ഷ്യമായി വലിച്ചെറിയുന്നതായും പരാതിയുണ്ട്.നഗരത്തിലെ ഓടയിലടക്കം മാലിന്യങ്ങൾ നിറഞ്ഞൊഴുകി ദുർഗന്ധപൂരിതമാണ്. നഗരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിപ്പ് നൽകിയിട്ടും ആളുകൾ ഇതൊന്നും ശ്രദ്ധിക്കുന്ന മട്ടില്ല. നിരവധി പേർ ദിവസവും യാത്ര ചെയ്യുന്ന നഗരത്തിലെ ഹൃദയ ഭാഗങ്ങളിലെല്ലാം മാലിന്യം നിക്ഷേപിക്കപ്പെടുന്നുണ്ട്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളടക്കമാണ് നിക്ഷേപിക്കുന്നത്. ഇവ കൂടാതെ ഭക്ഷണ മാലിന്യവും മാംസാവശിഷ്ടങ്ങളുമെല്ലാം രാത്രിയുടെ മറവിൽ നഗരത്തിൽ കൊണ്ട് തള്ളുന്നവരുണ്ട്. ചില കേസുകൾ നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ പിടികൂടിയിട്ടുണ്ടെങ്കിലും പരിശോധന വ്യാപകമാക്കിയെങ്കിലെ മാലിന്യം തള്ളലിന് പരിഹാരമാകൂ. പിടികൂടുന്നവരിൽ പിഴ ഈടാക്കുന്നുണ്ടെങ്കിലും മാലിന്യം തെരുവോരങ്ങളിൽ തള്ളുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. മാലിന്യം വർദ്ധിക്കുന്നതിനൊപ്പം തെരുവ് നായശല്യവും രൂക്ഷമാണ്. കാൽനട യാത്രക്കാർക്കും ഇരു ചക്രവാഹന യാത്രികരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. അനധികൃതമായി തെരുവോരങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.
കനത്ത ദുർഗന്ധം
രൂക്ഷമായ ദുർഗന്ധമാണ് മറ്റൊരു ഭീഷണി. നിരവധി പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോൾ നഗരം മാലിന്യക്കളമായി മാറുന്നത് രോഗങ്ങൾ വർദ്ധിക്കാൻ ഇടയാക്കും. സമീപ വാസികളടക്കം നിരവധി പരാതികൾ അധികൃതർക്ക് നൽകുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം കാണാൻ കഴിയുന്നില്ല.