crossway-
കൈവരി തകർന്ന നിലയിൽ കുറുമ്പൻമൂഴി കോസ്‌വേ

റാന്നി: കുരുമ്പൻമൂഴി കോസ്‌വേയുടെ കൈവരികൾ തകർന്നിട്ട് കാലങ്ങളായിട്ടും പുനസ്ഥാപിക്കാൻ നടപടിയില്ല. ഇതുമൂലം വാഹനങ്ങളും യാത്രക്കാരും അപകട ഭീഷണി നേരിടുന്നു. കുരുമ്പൻമൂഴി കോസ്‌വേയുടെ പകുതിയിൽ കൂടുതൽ കൈവരികൾ തകർന്നു കിടക്കുകയാണ്. മഴക്കാലമായതോടെ യാത്രാദുരിതവുമുണ്ട്. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കാത്തതുമൂലം പെരുന്തേനരുവി ഡാമിൽ ജലനിരപ്പ് ഉയരുമ്പോൾ കോസ്‌വേ മുങ്ങാറുണ്ട്. പുഴയിലെ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉൾപ്പടെ നിർദ്ദേശം കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ രണ്ടു പ്രളയത്തിലും കോസ്‌വേയ്ക്ക് സാരമായ കേടുപാടുകളുണ്ടായി. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന മേഖലയായതിനാൽ പുഴയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യേണ്ട അടിയന്തര സാഹചര്യം പലതവണ അധികാരികളുടെ മുമ്പിൽ എത്തിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കഴിഞ്ഞ് മന്ത്രി ഉൾപ്പടെ സ്ഥലം സന്ദർശിച്ചു പോയതല്ലാതെ വീടും മറ്റും നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും കിട്ടിയിട്ടില്ല. പ്രളയമോ ഉരുൾപൊട്ടലോ ഉണ്ടായാൽ പ്രദേശം വീണ്ടും ഒറ്റപ്പെടുന്ന സ്ഥിതിയിൽ തുടരുകയാണ്. കുരുമ്പൻമൂഴിക്ക് പുറമെ അരയാഞ്ഞലിമൺ , മുക്കം കോസ്‌വേകളും സമാനമായ രീതിയിൽ കൈവരി തകർന്നുകിടക്കുകയാണ്. ഇവിടങ്ങളിൽ പാലം നിർമ്മിക്കാമെന്ന ജനപ്രതിനിധികളുടെവാഗ്ദാനവും നടപ്പായില്ല.