തിരുവല്ല: തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ വൈക്കത്തില്ലത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം. നിരേറ്റുപുറം ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേക്ക് വന്ന വാഗണർ കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന എർട്ടിഗ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വട്ടം തിരിഞ്ഞ വാഗണർ കാർ തട്ടിയാണ് സ്കൂട്ടർ യാത്രികന് പരിക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെയും വാഗണറിൽ സഞ്ചരിച്ചിരുന്ന മദ്ധ്യവയസ്ക്കയെയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.