പത്തനംതിട്ട: ഭരണപക്ഷത്തിന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തെ ഇല്ലായ്മ ചെയ്യുകയാണെന്ന് നഗരസഭ മുൻ ചെയർമാനും ഡി.സി.സി മുൻ പ്രസിഡന്റുമായ പി. മോഹൻരാജ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
സംസ്ഥാനത്തെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായാണ് 1998ൽ പണി പൂർത്തീകരിച്ചത്. സ്റ്റേഡിയത്തിൽ വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള മികച്ച സംവിധാനവും ട്രാക്കും പൂർത്തിയാക്കിയതാണ്. അഞ്ചടി താഴ്ചയിലും 15 അടി വീതിയിലും ട്രഞ്ചർ നിർമ്മിച്ച് അതിനുള്ളിൽ പാറക്കല്ലും ചരലുമിട്ട് ട്രാക്ക് നിർമ്മിച്ചതാണ്. സ്റ്റേഡിയത്തിൽ വീഴുന്ന വെള്ളം ഒഴുക്കിമാറ്റുന്ന സംവിധാനമായിരുന്നു ഇത്. വാഹനങ്ങൾ സ്റ്റേഡിയത്തിൽ കയറാൻ തുടങ്ങിയതോടെ ട്രാക്ക് തകർന്നു. ഡ്രെയിനേജ് അടഞ്ഞതോടെ സ്റ്റേഡിയത്തിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള നഗരസഭാ കൗൺസിലിൽ ആലോചനയ്ക്കുപോലും അവസരം തരാതെയാണ് സർക്കാർ നടപടികളെന്ന് അദ്ദേഹം പറഞ്ഞു.