മല്ലപ്പള്ളി: കോമളം- വെണ്ണിക്കുളം റൂട്ടിൽ യാത്രാ സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധിച്ച് പൗരാവലിയും പ്രവാസി കൂട്ടായ്മയും മറ്റ് സംഘടനകളും ചേർന്ന് ഇന്ന് വാഹന സർവീസ് നടത്തും. രാവിലെ 7.30 -ന് കോമളത്ത് നിന്ന് പുറപ്പെടും. പോരിട്ടീക്കാവ്, കറുത്തവടശ്ശേരിക്കടവ്, തൃക്കയിൽ ക്ഷേത്രം, കവുങ്ങുംപ്രയാർ വഴി വെണ്ണിക്കുളത്ത് സമാപിക്കും.
കഴിഞ്ഞ ഒക്ടോബർ 16 നുണ്ടായ വെള്ളപ്പൊക്കത്തിലാണ് കോമളം പാലത്തിന്റെ സമീപന പാത പുഴയെടുത്തത്. ഇതേ തുടർന്ന് പാലം ഉപയോഗശൂന്യമായി. കോമളം, അമ്പാട്ടുഭാഗം, തുരുത്തിക്കാട് പ്രദേശങ്ങളിൽ നിന്ന് വെണ്ണിക്കുളത്ത് എത്താനുള്ള മാർഗവും ഇല്ലാതായി. വിദ്യാർത്ഥികളും തൊഴിലാളികളും അടക്കമുള്ള യാത്രക്കാർ ഏറെ ദൂരം അധികം സഞ്ചരിച്ചും വലിയ തുക ദിവസവും ചെലവഴിച്ചുമാണ് ലക്ഷ്യ സ്ഥാനത്തെത്തുന്നത്.
താൽക്കാലിക പാലം ഉടൻ നിർമ്മിക്കണമെന്നും കോമളം കടവിൽ കടത്തുവള്ളം അനുവദിക്കണമെന്നും വെണ്ണിക്കുളത്തേക്ക് സർക്കുലർ ബസ് സർവീസ് അനുവദിക്കണമെന്നും
കോമളം പൗരാവലിയുടെയും പ്രവാസി കൂട്ടായ്മയുടെയും ഭാരവാഹികളായ ഹരികുമാർ വാഴയിൽ, ടി.കെ.ഉണ്ണികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.